JHL

JHL

മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവ. കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്(www.truenewsmalayalam.com) : മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവ. കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

103 കോളേജുകളില്‍ നിന്നായി 4280 മത്സരാര്‍ഥികള്‍ വിവിധ മത്സരയിനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നു.

മത്സരഫലങ്ങള്‍ ആപ്പ് വഴി വിദ്യാര്‍ത്ഥികളില്‍ എത്തും. നോട്ടിഫിക്കേഷന്‍ വഴിയും മത്സരഫലങ്ങള്‍ അറിയാന്‍ കഴിയും. 

ചരിത്രത്തിലാദ്യമായി ഗ്രൂപ്പുകളില്‍ അടക്കം ഒന്നും രണ്ടും സ്ഥാനം

ലഭിക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ഇത്തവണ ട്രോഫി നല്‍കുന്നു. 

മത്സരഫലം പ്രഖ്യാപിച്ച ഉടന്‍ തന്നെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിക്ടറി സ്റ്റാന്‍ഡില്‍ വിതരണം ചെയ്യും. 

കെപിഎസി ലളിത നഗര്‍ എന്നാണ് ഇവിടെ അറിയപ്പെടുക. മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും താമസിക്കുവാനുള്ള സൗകര്യം കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

24 മണിക്കൂര്‍ ആംബുലന്‍സ് സേവനം ഉണ്ടായിരിക്കും. എമര്‍ജന്‍സി മെഡിക്കല്‍ മാനേജ്മെന്റ് ടീം ഉണ്ടായിരിക്കും. 

ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ആയുര്‍വേദ, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങളുടെ മരുന്നുകളും ഉണ്ടായിരിക്കും. 

സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം 23ന് രാവിലെ 11 മണിക്ക് മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമനും സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 25ന് വൈകിട്ട് 4 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും നിര്‍വഹിക്കും.

കലോത്സവത്തിന്റെ വരവറിയിച്ച് തിങ്കളാഴ്ച വിളംബരജാഥ നടത്തി. ഒപ്പന, കോല്‍ക്കളി, പരിചമുട്ട് കളി, മുത്തുക്കുട, ശിങ്കാരിമേളം എന്നിവ വിളംബരജാഥയുടെ മാറ്റ് കൂട്ടി. 

കാസര്‍കോടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായി വിളംബരജാഥ. ഗവ.കോളേജ് പരിസരത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്താണ് ജാഥ സമാപിച്ചത്. 

കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കാസര്‍കോട് ഗവ.കോളജിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടും വിളംബരജാഥ ശ്രദ്ധേയമായി.

കലോത്സവ വിവരങ്ങളെല്ലാം ഒരു വിരല്‍തുമ്പിലറിയാന്‍ ആപ്പ് ലോഞ്ച് ചെയ്തു. ജില്ലാ പഞ്ചായത്തംഗം

സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു.

സാഹിത്യോത്സവം, ചിത്രോത്സവം, ദൃശ്യനാടകോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ വ്യത്യസ്തമേഖലകളിലാണ് കലോത്സവ ഇനങ്ങള്‍ അരങ്ങേറുക. 

സ്റ്റേജിതര സ്റ്റേജിതര മത്സരങ്ങളായ സാഹിത്യോത്സവം, ചിത്രോത്സവം എന്നിവക്ക് നാളെ തുടക്കമാകും. 

ഗവ. കോളേജിനകത്ത് തയ്യാറാക്കിയ എട്ടുവേദികളിലാണ് മത്സരം. 

മലയാളം, കന്നട, തുളു, കൊങ്കിണി, ബ്യാരി, ഉറുദു, മറാഠി, കറാഡ എന്നിങ്ങനെയാണ് വേദികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.


No comments