JHL

JHL

കേരളത്തിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് വളരുന്നു -കോടിയേരി

മഞ്ചേശ്വരം(www.truenewsmalayalam.com) : തിരഞ്ഞെടുപ്പിൽ നിരാശരായ യു.ഡി.എഫും ബി.ജെ.പി.യും ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് കേരളത്തിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് രൂപപ്പെട്ടുവരുന്നതായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

 സി.പി.എം. മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ആ അവിശുദ്ധ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലാണ് കെ-റെയിലിനെതിരേ അക്രമസമരങ്ങൾ സംഘടിപ്പിക്കുന്നത്. അത് രാഷ്ട്രീയപരമാണ്. അതിനെ രാഷ്ട്രീയമായി നേരിടും. ജനങ്ങൾക്കെതിരേ സർക്കാർ ബലപ്രയോഗത്തിനില്ല. അവരെക്കൂടി യോജിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കും.

 ഇന്ധനവിലവർധനയുൾപ്പെടെ ജനദ്രോഹനടപടികളുമായി മോദി സർക്കാർ മുന്നോട്ടുപോകുകയാണ്. ഇതിനെതിരെ ഇടതുപക്ഷം ദേശീയതലത്തിൽ മതനിരപേക്ഷ കക്ഷികളെയും പ്രാദേശിക കക്ഷികളെയും ഉൾപ്പെടുത്തി ബദൽ രാഷ്ട്രീയസംവിധാനം രൂപപ്പെടുത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. ബി.എം. രാമയ്യ ഷെട്ടി ഹാൾ കേന്ദ്രക്കമ്മിറ്റിയംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു.

 പൈവളിഗെ രക്തസാക്ഷി സ്മൃതിശില്പം കെ.പി. സതീഷ്‌ചന്ദ്രനും രാമയ്യ ഷെട്ടി സ്മൃതിമണ്ഡപം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാച്ഛാദനം കെ.ആർ. ജയാനന്ദ നിർവഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയുമായ കെ.വി. കുഞ്ഞിരാമൻ, സുബ്ബണ്ണ ആൾവ, സി. സുബൈർ, പി. രഘുദേവൻ, മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.


No comments