JHL

JHL

ശിരോവസ്ത്രം ഇസ്​ലാം മതവിശ്വാസത്തിൽ നിർബന്ധമല്ല -കർണാടക ഹൈകോടതി; വിലക്കിനെതിരായ ഹരജികൾ തള്ളി

ബംഗളൂരു(www.truenewsmalayalam.com) : ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാർക്കർ കോളജിലെയും വിദ്യാർഥിനികൾ നൽകിയ ഹരജികൾ തള്ളി കർണാടക ഹൈകോടതി വിശാല ബെഞ്ച്. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്​ലാം മതവിശ്വാസത്തിൽ നിർബന്ധമുള്ള കാര്യമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കണമെന്ന് വിദ്യാർഥികൾക്ക് നിർബന്ധം പിടിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈകോടതി വിശാല ബെഞ്ച് അന്തിമ ഉത്തരവിൽ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവിനെ ഹൈകോടതി പിന്തുണച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം പാടില്ലെന്നും ഹൈകോടതി ഉത്തരവിട്ടു. യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശ ലംഘനമല്ല. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്‍റെ ഭാഗമല്ലെന്നും അങ്ങനെയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹരജിക്കാർക്ക് ഹാജരാക്കാനായില്ലെന്നും ശിരോവസ്ത്ര വിലക്ക് തുടരുന്നതിൽ ഭരണഘടനാ ലംഘനമില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ 10.30നാണ് കേസിൽ ഹൈകോടതി വിശാല ബെഞ്ച് അന്തിമ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന്‍റെ പകർപ്പ് വൈകാതെ പുറത്തിറക്കുമെന്നും ഹൈകോടതി അറിയിച്ചു.

ഹൈകോടതിയുടെ ഉത്തരവ് വന്നതോടെ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.

11 ദിവസത്തെ വാദ പ്രതിവാദങ്ങൾക്കുശേഷം ഫെബ്രുവരി 25നാണ് അന്തിമ വിധി പറയുന്നതിനായി മാറ്റിവെച്ചത്. ശിരോവസ്ത്രം ഇസ്​ലാമിൽ അനിവാര്യമായ ആചാരമല്ലെന്ന കർണാടക സർക്കാരിന്‍റെ പ്രധാന വാദം ശരിവെച്ചുകൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്. ഇസ്​ലാം മതവിശ്വാസ പ്രകാരം ഒഴിവാക്കാൻ കഴിയാത്ത ആചാരമാണ് ശിരോവസ്ത്രം ധരിക്കുകയെന്നതെന്നും അത് അവരുടെ മൗലികാവകാശമാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ അധികാരമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വികസന സമിതികൾ നിശ്ചയിക്കുന്ന ഡ്രസ് കോഡ് നിർബന്ധമാക്കി ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തിയ കർണാടക സർക്കാരിന്‍റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന ഹരജിക്കാരുടെ വാദവും ഹൈകോടതി തള്ളി. ഹൈകോടതി വിധി എതിരായതോടെ ഹരജിക്കാർ ഇനി സുപ്രീംകോടതിയെ സമീപിച്ചേക്കും.

നേരത്തെ ഹരജി പരിഗണിക്കുന്നതിനിടെ അന്തിമ വിധി വരുന്നതുവരെ ശിരോവസ്ത്രം ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർഥികൾ ക്ലാസുകളിൽ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും ഫെബ്രുവരി പത്തിന് ഹൈകോടതി വിശാല ബെഞ്ച് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ ഇടക്കാല ഉത്തരവ് ചൂണ്ടികാണിച്ച് പരീക്ഷ എഴുതുന്നതിൽനിന്ന് ഉൾപ്പെടെ വിലക്കിയത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ജനുവരിയിലാണ് ശിരോവസ്ത്ര വിലക്ക് സംസ്ഥാന വ്യാപകമായ പ്രതിഷേധമായത്. വിലക്കിനെതിരെ വിദ്യാർഥികൾ നൽകിയ ഹരജിയിൽ രണ്ടു ദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്‍റെ സിംഗിൾ ബെഞ്ചാണ് ഹരജി വിശാല ബെഞ്ചിലേക്ക് നിർദേശിച്ചത്.


No comments