JHL

JHL

രോഗികൾക്ക് സൗജന്യ ചികിത്സയുമായി ഐ.കെ.അബ്ദുൽ റഹ്മാൻ മെമ്മോറിയൽ ഹെൽത്ത് സെന്റർ ഇച്ചിലമ്പാടി ചെക്ക് പോസ്റ്റിൽ പ്രവർത്തനമാരംഭിക്കുന്നു.

കുമ്പള(www.trueenwsmalayalam.com) : രോഗികൾക്ക് സൗജന്യ ചികിത്സയുമായി ഇച്ചിലമ്പാടി ചെക്ക് പോസ്റ്റിൽ ഐ.കെ.അബ്ദുൽ റഹ്മാൻ മെമ്മോറിയൽ ഹെൽത്ത് സെന്റർ ഞായറാഴ്ച പ്രവർത്തനമാരംഭിക്കും.

 ഐ.കെ. അബ്ദുൽ റഹ്മാൻ സ്മാരക ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ഈ നവസംരംഭം എ.കെ.എം. അഷ്റഫ് എം എൽ എ രാവിലെ പത്തു മണിക്ക്  ഉദ്ഘാടനം ചെയ്യും. സംരംഭത്തിന്റെ സേവനങ്ങൾ തീർത്തും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

 കുമ്പള മഹാത്മ കോളജിൽ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയായിരിക്കെ 2006 മാർച്ച് 9ന് അപകടത്തിൽ മരിച്ചു പോയ  ഐ.കെ. അബ്ദുൽ റഹ്മാന്റെ പേരിൽ കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് രൂപീകരിച്ചതാണ് ഐ.കെ.അബ്ദുൽ റഹ്മാൻ സ്മാരക ട്രസ്റ്റ്. അദ്ദേഹത്തിന്റെ സഹോദരനും പ്രശസ്ത പ്രമേഹരോഗ വിദഗ്ദനുമായ ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെ.യുടെ നേതൃത്വത്തിലാണ് ഐ.കെ. അബ്ദുൽ റഹ്മാൻ മെമ്മോറിയൽ ഹെൽത് സെന്റർ പ്രവർത്തിക്കുന്നത്. 

 ഉദ്ഘാടനച്ചടങ്ങിനു ശേഷം പതിനൊന്നു മണി മുതൽ 2 മണി വരെയും തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും ഇവിടെ സൗജന്യ ചികിത്സ ലഭിക്കും. ചികിത്സ തേടിയെത്തുന്നവരുടെ വർദ്ധനവനുസരിച്ച് മറ്റു ദിവസങ്ങളിലും ചികിത്സയും സേവനങ്ങളും പരിഗണിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ചകളിൽ രക്ത പരിശോധനയും രക്തസമ്മർദം, കൊഴുപ്പ് നിരീക്ഷണങ്ങളും സൗജന്യമായി നടത്തും.

മരുന്നുകളും സൗജന്യമായിരിക്കും. വിദഗ്ദ ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്ക് മറ്റു ആശുപത്രികളുമായി ബന്ധപ്പെട്ട് സൗജന്യ നിരക്കിലുള്ള ചികിത്സ നൽകുന്നതും പരിഗണനയിലാണെന്ന് ഭാരവാഹികൾ പറഞ്ഞു.

 ഡോ. മൊയ്തീൻ കുഞ്ഞി (ജനറൽ ഫിസിഷ്യൻ)ക്കു പുറമെ ശിശുരോഗ വിദഗ്ദൻ ഡോ. മുഹമ്മദ് റഷീദ്, ഡോ. മുഹമ്മദ് സഫ്വാൻ (ജനറൽ വിഭാഗം), ഡോ. ഇഷിത മൊയ്തീൻ(ദന്തരോഗ വിദഗ്ദ) എന്നിവരുടെ സേവനങ്ങളും ഇവിടെ ലഭ്യമാകും.

 ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 8289881103, 7904886103 എന്നീ മൊബൈൽ നമ്പരുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

 വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെ, അബ്ദുൽ ഖാദർ തോട്ടുങ്കര, ഉമറുൽ ഫാറൂഖ് ഐ.കെ, മഹാത്മ കോളജ് പ്രിൻസിപ്പാൾ കെ.എം. എ സത്താർ, കുമ്പള അക്കാദമി മാനേജിങ് ഡയറക്ടർ ഇബ്രാഹിം ഖലീൽ എന്നിവർ സംബന്ധിച്ചു.


No comments