JHL

JHL

കാറിൽ 125 കിലോ കഞ്ചാവ് കടത്തിയ കേസ്; രണ്ടു പേർ കൂടി പിടിയിൽ.

മുള്ളേരിയ(www.truenewsmalayalam.com) : കാറിൽ 125 കിലോ കഞ്ചാവ് കടത്തിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. മധൂർ മഞ്ചത്തടുക്കയിലെ പി.വി.ഹനീഷ്(32),വിദ്യാനഗർ ചാലക്കുന്ന് സുഹ്റ മൻസിലിലെ കാമിൽ ഷെയ്ഖ്(34) എന്നിവരെയാണ് ആദൂർ സിഐ എ.അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കഴിഞ്ഞ വർഷം നവംബർ 26 ന് കാറിൽ കടത്തുന്നതിനിടെ ചെർക്കള-ജാൽസൂർ പാതയിലെ ആദൂരിൽ നിന്നാണ് പൊലീസ് 125 കിലോ കഞ്ചാവ് പിടികൂടിയത്. കാർ ഡ്രൈവർ കാസർകോട് ബെദിരയിലെ സുബൈറിനെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതി തായൽ നായന്മാർമൂലയിലെ മുഹമ്മദ് കബീറിനെ മറ്റൊരു കേസിൽ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ കസ്റ്റഡിയിൽ വാങ്ങി ഈ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

പക്ഷേ ഹനീഷും കാമിൽ ഷെയ്ഖും പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു. പിടിയിലാകാതിരിക്കാൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ, വാട്സാപ് കോളുകൾ മാത്രം ഉപയോഗിച്ചായിരുന്നു ആശയവിനിമയം നടത്തിയിരുന്നു. ഇതു തിരിച്ചറിഞ്ഞ് പൊലീസ് വിരിച്ച വലയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും.


No comments