JHL

JHL

കോവിഡ് കാലത്തെ പലിശ; വായ്പയെടുത്തവർ ജപ്തി ഭീഷണിയിലും, ആത്മഹത്യ വക്കിലും.

കുമ്പള(www.truenewsmalayalam.com) : കോവിഡ് തീർത്ത ദുരിതത്തിൽ നിന്ന് ജനങ്ങളും, വിപണിയും കരകയറി വരുന്നതിനിടയിൽ ബാങ്കുകളുടെ ജപ്തി ഭീഷണി വായ്പ എടുത്തവർക്ക് ദുരിതമാകുന്നു.

 രണ്ടു വർഷക്കാലത്തെ കോവിഡ് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ വായ്പകൾക്ക്  മൊറോട്ടോറിയം പ്രഖ്യാപിച്ചിരുന്നു.ഇത് 2021 ഡിസംബറോടെ അവസാനിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വായ്പ എടുത്തിട്ടുള്ളത് സഹകരണ ബാങ്കുകളിൽ നിന്നാണ്. ഈ ബാങ്കുകൾക്കു മൊറോട്ടോറിയം ബാധകമല്ല എന്ന സാങ്കേതിക പ്രശ്നം ഉയർത്തി മൊറട്ടോറിയം നിഷേധിച്ചതാണ് വായ്പയെടുത്തവരെ ദുരിതത്തിലാക്കിയത്.

 സഹകരണ -വാണിജ്യ ബാങ്കുകൾ മൊറട്ടോറിയം അനുവദിക്കണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി വേണമായിരുന്നു. ഇതിനായി സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഇതിനെ തുടർന്നാണ് വായ്പ മു ടങ്ങിയവർക്കെതിരെ ജപ്തി നടപടികളുമായി മുന്നോട്ടുപോകാൻ ബാങ്കുകൾ തീരുമാനിച്ചത്. കോവിഡ് കാലത്ത് വാ യ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ പലിശയും,പലിശയുടെ പലിശയും കൂട്ടിയാണ് ബാങ്കുകൾ വായ്പ എടുത്തവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 8ലക്ഷം രൂപ വായ്പ എടുത്തവർക്ക് 20 ലക്ഷം രൂപയോളം അടക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് വായ്പയെടുത്തവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

 റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ സഹകരണ ബാങ്കുകൾക്കും മൊറട്ടോറിയം ബാധകമാണെന്ന് പറഞ്ഞിരുന്നുവെങ്കിലും  ഇക്കാര്യത്തിലും സാങ്കേതിക തടസ്സങ്ങളുണ്ടായി. സഹകരണ ബാങ്ക്കളുടെ നിയന്ത്രണാധികാരി സംസ്ഥാന സഹകരണ രജിസ്ട്രാറാണ്. രജിസ്ട്രാർ ഉത്തരവിറ ക്കാത്തതും മൊറട്ടോറിയം നൽകുന്നതിന് തടസ്സമായിയെന്ന് പറയുന്നു. ഉത്തരവിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം സഹകരണബാങ്കുകളുടെ തിരിച്ചടവിനെയും ബാധിച്ചു. കോവിഡ് കാലയളവിലെ പലിശ പൂർണമായും  ഒഴിവാക്കിയാലേ വായ്പ എടുത്തവർക്ക് തിരിച്ചടയ്ക്കാനാവൂ എന്നാണ് വായ്‌പ എടുത്തവർ പറയുന്നത്. ഇക്കാര്യത്തിൽ  സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപെട്ടു.



No comments