JHL

JHL

ദേശീയപാത വികസനം; ആൽമരങ്ങൾക്ക് കോടാലി വീണതോടെ പറവകൾ വീട്ടു പറമ്പുകളി ലേക്ക് ചേക്കേറുന്നു, തണ്ണീർകുടമൊരുക്കി ദേശീയവേദി പ്രവർത്തകർ.

മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത വികസനത്തിന്റെ ഭാഗമായി മുത്തശ്ശി മരങ്ങൾക്ക് കോടാലി വീണതിനെതുടർന്ന് കുരുവികൾ തൊട്ടടുത്ത വീട്ടു പറമ്പുകളിലേക്ക് ചേക്കേറിയതോടെ പറവകൾക്ക് തണ്ണീർകുടമൊരുക്കി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ മാതൃകയായി.

 കാലങ്ങളായി കാണാത്ത പക്ഷിക്കൂട്ടങ്ങളാണ് ഇപ്പോൾ വീട്ടു പറമ്പുകളിൽ ചേക്കേറിയി രിക്കുന്നതെന്ന് ദേശീയ വേദി പ്രവർത്തകർ പറയുന്നു.  ദേശീയപാതയിലെ മുത്തശ്ശി മരങ്ങളാണ് മുറിച്ചു മാറ്റി കൊണ്ടിരിക്കുന്നത്. ഈ മരങ്ങളിൽ താമസിച്ചിരുന്ന കുരുവികളാണ് കൂട്ടത്തോടെ വീട്ടു പറമ്പുകളിലെ മരങ്ങളിൽ അഭയം തേടിയിരിക്കുന്നത്. വേനൽ ചൂട്  കനത്തതോടെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട് . ഇത് പറവകൾക്കും വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുന്നു.ഇത് ഒഴിവാക്കാനാണ് ദേശീയ വേദി പ്രവർത്തകർ അവരവരുടെ വീട്ടു പറമ്പുകളിൽ തണ്ണീർകുടം സ്ഥാപിച്ച് പറവകൾക്ക് ആശ്വാസം പകരാൻ മുന്നോട്ട് വരുന്നത്.

 ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, എക്സിക്യൂട്ടീവ് അംഗം പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവരുടെ വീട്ടുപറമ്പിൽ തണ്ണീർകുടം ഒരുക്കിയാണ് ഇതിന്റെ തുടക്കം കുറിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ  ദേശീയവേദി ഭാരവാഹികളുടെയും, എക്സിക്യൂട്ടീവ് അംഗങ്ങളുടെയും വീട്ടുപറമ്പിലും തണ്ണീർകുടം സ്ഥാപിക്കുമെന്ന് ദേശീയ വേദി ഭാരവാഹികൾ പറഞ്ഞു.


No comments