JHL

JHL

പാസ്​പോർട്ട്​ സേവാകേന്ദ്രയുണ്ട്​; കാര്യം നടക്കാൻ പയ്യന്നൂർ പോവണം

കാസർകോട്​: ജില്ലയിൽ പാസ്​പോർട്ട്​ സേവാകേന്ദ്രയുണ്ടോ എന്നുചോദിച്ചാൽ സമ്മതിച്ചേ പറ്റൂ. അതുകൊണ്ട്​ വലിയ പ്രയോജനമുണ്ടോയെന്നു കൂടി ചോദിച്ചാൽ ഇല്ലെന്ന്​ ഉറപ്പിച്ചുപറയാനാവും.

 ഏറെ മുറവിളിക്കൊടുവിൽ ജില്ലക്ക്​ ലഭിച്ച സേവാകേന്ദ്രം അസൗകര്യങ്ങളാൽ വീർപ്പുമുട്ടുമ്പോൾ ജനം കിലോമീറ്ററുകൾ സഞ്ചരിച്ച്​ പയ്യന്നൂരിലേക്ക്​ പോകുകയാണ്​. ഹെഡ്​ പോസ്റ്റ്‌ ഓഫിസ് പാസ്പോർട്ട്‌ സേവാകേന്ദ്രയിൽ അപേക്ഷകർക്ക്​​ അപ്പോയിൻമെന്റ് ലഭിക്കാൻ എടുക്കുന്നത്​ രണ്ടും മൂന്നും മാസങ്ങളാണ്​.

 പയ്യന്നൂരിലെ സേവകേന്ദ്രയിൽ ഒരാഴ്ചക്കകം അപേക്ഷകന്​ അഭിമുഖം ലഭിക്കും. ഇക്കാരണത്താൽ പാസ്പോർട്ട്‌ കിട്ടാൻ ജില്ലയിലെ വടക്കേ അറ്റത്തുള്ളവർ 100 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്​.

 50 കിലോമീറ്ററിനകം സേവാകേന്ദ്രങ്ങൾ തുടങ്ങണം എന്ന കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ ഉത്തരവ്​ നിലനിൽക്കെയാണ് ഈ അവസ്ഥ. പ്രവാസികളും വിദേശത്ത് പഠിക്കുന്നവരും തീർഥാടനത്തിന് പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരും കൂടുതലുള്ള പ്രദേശമാണ്​ കാസർകോട്​.

 പയ്യന്നൂരിൽ ദിവസം 400 അപേക്ഷകർക്കുവരെ പ്രതിദിനം അപ്പോയിൻമെന്റ് കൊടുക്കുന്നുണ്ട്​. കാസർകോടാവട്ടെ വെറും 50 അപേക്ഷകളാണ് ഒരു ദിവസം പരിഗണിക്കുന്നത്. അതിനാലാണ്​ ജില്ലയിലുള്ളവർക്ക്​ മൂന്നുമാസം വരെ അഭിമുഖം കാത്തിരിക്കേണ്ടിവരുന്നത്​.

 സമയം കളയാതെ ആവശ്യക്കാർക്ക്​ പയ്യന്നൂരിലേക്ക്​ പോവുകയല്ലാതെ മറ്റ്​ വഴിയുമില്ല. ഇക്കാര്യത്തിൽ വേണ്ട ഇടപെടൽ നടത്തണമെന്ന് രാജ്​മോഹൻ ഉണ്ണിത്താൻ എം.പിയോട്​ കാസർകോട്​ സൗഹൃദവേദി ആവശ്യപ്പെട്ടു.

 ഖന്ന അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ സൗഹൃദവേദിയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ല ലേബർ എക്സിക്യൂട്ടിവ് ഓഫിസർ ക്ലാസെടുത്തു. അബ്ദുല്ല മുഗു, ഹമീദ് കാവിൽ, സലീം അത്തിവളപ്പ്, ലത്തീഫ് ചെമനാട്, അബ്ദുറഹീം തെരുവത്ത്, സിദ്ദീഖ് പടപ്പിൽ, റഹീം ചൂരി, റഹീം ബള്ളൂർ, അസീസ് കടവത്ത് എന്നിവർ സംസാരിച്ചു. നിസാർ പെറുവാഡ് സ്വാഗതവും ഹമീദ് കാവിൽ നന്ദിയും പറഞ്ഞു.



No comments