JHL

JHL

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

കാസർകോട്​(www.truenewsmalayalam.com) : കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന്​ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.

 കാസർകോട് മണ്ഡലത്തി‍ൻെറ മലയോര മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം നിരവധി ജീവൻ അപഹരിച്ച കാര്യം ചൂണ്ടികാണിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു എം.പി. കുറഞ്ഞ പ്രാധാന്യമുള്ള ജീവിയായിട്ടാണ് ഇന്‍റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കാട്ടുപന്നിയെ കണക്കാക്കിയിട്ടുള്ളത്​.

 കാട്ടു പന്നികൾ അടക്കമുള്ള വന്യജീവികൾ വിളകൾക്കും മനുഷ്യജീവനും ഭീഷണി ഉയർത്തുന്ന ഒരിനമായി മാറിയിരിക്കുകയാണ്​. വ്യാപകമായി കൃഷിനാശം വരുത്തുന്നതിനാൽ കാട്ടുപന്നി കർഷകർക്ക് ഭീഷണിയായ ജീവിയായി പ്രഖ്യാപിക്കണം. കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേരള സർക്കാർ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ അതിനെ കൊല്ലാവുന്നതാണ്.

 ഈ നിയമം കേന്ദ്രനിയമമായതിനാൽ, കേന്ദ്രസർക്കാറിന് മാത്രമേ ഇത് പരിഷ്കരിക്കാനും മൃഗങ്ങളെ തരംതിരിക്കാനും കഴിയൂ. നിലവിൽ കാട്ടുപന്നിയെ നിയമത്തി‍ൻെറ ഷെഡ്യൂൾ മൂന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനെ കൊല്ലുന്നത് പിഴയും തടവും ക്ഷണിച്ചുവരുത്തും.

 വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 62 അനുസരിച്ച്, സംസ്ഥാനങ്ങൾക്ക് വന്യമൃഗങ്ങളെ തിരഞ്ഞെടുത്ത് കൊല്ലുന്നതിനുവേണ്ട അനുമതി നൽകുന്ന രീതിയിൽ പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ച്കൊണ്ട് കേന്ദ്രത്തിന് ഒരു പട്ടികതന്നെ അയച്ചിട്ടുണ്ടായിരുന്നു. ഏതൊരു വന്യമൃഗത്തെയും ഒരു നിശ്ചിത കാലയളവിലേക്ക് ഏതെങ്കിലും പ്രദേശത്തിന് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര ഗവൺമെന്‍റിനു വിജ്ഞാപനത്തിലൂടെ കഴിയും. കാട്ടുപന്നിയെ കേരളത്തിൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്ന് എം.പി സഭയിൽ ആവശ്യപ്പെട്ടു.


No comments