JHL

JHL

കുമ്പള എക്സൈസ് ഓഫീസ് രാത്രിയുടെ മറവിൽ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം

കുമ്പള (www.truenewsmalayalam.com)  : കുമ്പള എക്സൈസ് ഓഫീസിനു നേരെ അജ്ഞാതന്റെ അക്രമം; കമ്പ്യൂട്ടർ മുറിക്ക് പെട്രോളൊഴിച്ച് തീയിടാൻ ശ്രമം. വാഹനങ്ങളിൽ ചെങ്കല്ല് കയറ്റി വച്ചു.
കുമ്പള: കുമ്പള എക്സൈസ് ഓഫീസിനു നേരെ അജ്ഞാതന്റെ അക്രമം. ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. കമ്പ്യൂട്ടർ മുറിക്ക് പെട്രോളൊഴിച്ച് തീയിടാൻ ശ്രമിക്കുകയും എക്സൈസിന്റെ ഔദ്യോഗിക ജീപ്പ് ഉൾപ്പെടെ വാഹനങ്ങളിൽ ചെങ്കല്ല് കയറ്റി വെക്കുകയും ചെയ്തു.
          പുലർച്ചെ ഒരു മണി വരെ ഉദ്യോഗസ്ഥർ സജീവമായി ഓഫീസിൽ  ഉണ്ടായിരുന്നുവത്രെ. അതിനു ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഓഫീസിന് അകത്തായിരുന്നു. ആ സമയത്താണ് ആക്രമണമുണ്ടായതെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ജീപ്പിനകത്ത് സീറ്റിലും മറ്റും കല്ലുകൾ കയറ്റി വച്ചു. മുൻവശത്ത് ഒരു ചൂൽ തൂക്കിയിടുകയും അകത്ത് പെട്ടിയിൽ സൂക്ഷിച്ചിരുന്ന ഹെൽമറ്റുകൾ എടുത്തു കൊണ്ടു പോയി കോമ്പൗണ്ടിന് പുറത്ത് തൂക്കിയിടുകയും തൊട്ടടുത്തു പാർക്കു ചെയ്ത സ്കൂട്ടറിന്റെയും ബൈക്കിന്റെയും സീറ്റുകൾക്കു മേലെ കല്ലുകൾ കയറ്റി വെക്കുകയും ചെയ്തിട്ടുണ്ട്. കോമ്പൗണ്ടിനകത്ത് പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ നിന്നാണ് പെട്രോൾ ഊറ്റിയെടുത്തത്. പുറത്ത് തുടർച്ചയായി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പ്രതി ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
        ഈയിടെയായി കുമ്പളയിലെ എക്സൈസ് ഉദ്യോഗസ്ഥർ വ്യാപകമായി റെയ്ഡുകൾ നടത്തുകയും നിരവധി മദ്യം, പുകയില ഉൽപന്നങ്ങൾ, കഞ്ചാവ് എന്നിവ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കുമ്പള കഞ്ചിക്കട്ടയിലെ ഒരു യുവാവിനെയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നുവത്രെ. ആ യുവാവാകാം അക്രമത്തിനു പിന്നിൽ എന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. കുമ്പള പൊലീസിൽ പരാതി നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.



No comments