JHL

JHL

ദേശീയപാത വികസനം:മഞ്ചേശ്വരം മണ്ഡലത്തിൽ ജനപ്രതിനിധി-ഉദ്യോഗസ്ഥ സന്ദർശനം മെയ് 5ന്

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തലപ്പാടി മുതൽ മൊഗ്രാൽ വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്  പ്രദേശവാസികൾക്ക് പലവിധ ആശങ്കകളും പരാതികളും വരുന്നതിന്റെ അടിസ്ഥാനത്തിൽ എകെഎം അഷ്‌റഫ്‌ എംഎൽഎയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിൽ ദേശീയപാത അതോറിറ്റി പ്രൊജക്റ്റ്‌ ഡയറക്ടറുടെയും  ഡെപ്യുട്ടി കലക്ടറുടെയും സാന്നിധ്യത്തിൽ പാത കടന്നു പോവുന്ന മഞ്ചേശ്വരം, മംഗൽപാടി,കുമ്പള,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,ഹൈവേ അതോറിറ്റി, കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി, കംപ്ലയിന്റ് അതോറിറ്റി തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു യോഗം സംഘടിപ്പിച്ചു.

പാതയുടെ ഇരു ഭാഗങ്ങളിൽ താമസിച്ചുവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളും നാട്ടുകാരും വ്യാപാരികളും നിലവിലെ പാതാ വികസനത്തെ വളരെ ആശങ്കയോടെയാണ് കണ്ടുവരുന്നതെന്നും തൊട്ടു മുൻവശത്തുള്ള ആശുപത്രികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങളടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോയിവരാൻ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമാണ്  നിലവിലുള്ളതെന്നും എംഎൽഎ യോഗത്തിന്റെ ശ്രദ്ധിയിൽ പെടുത്തി.

മണ്ഡലത്തിലെ തുമിനാട്, കുഞ്ചത്തൂർ, ഉദ്യാവർ, മഞ്ചേശ്വരം, പൊസോട്ട്,ഹൊസങ്കടി, ഉപ്പള ഗേറ്റ്, ഉപ്പള ടൌൺ, കൈക്കമ്പ, നയാബസാർ, ബന്ദിയോട്, ഷിറിയ, ആരിക്കാടി, കുമ്പള, മൊഗ്രാൽ തുടങ്ങിയ പ്രദേശങ്ങളിൽ ആവശ്യമായ ക്രോസ്സിംഗ് സംവിധാനം ഏർപ്പെടുത്താനും പ്രധാന ടൗണുകളിൽ ഫ്ലൈ ഓവർ സ്ഥാപിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുവാൻ വേണ്ട നടപടികൾ കൈകൊള്ളാൻ വേണ്ട നിർദ്ദേശങ്ങൾ എംഎൽഎ മുന്നോട്ടുവെച്ചു. ഈ പ്രദേശങ്ങളിലെ ആവശ്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ വേണ്ടി മെയ് 5  രാജ്മോഹൻ ഉണ്ണിത്താൻ എം പി, എകെഎം അഷ്‌റഫ്‌ എംഎൽഎ, ഡെപ്യുട്ടി കലക്ടർ, എൻ എച്ച് ഐ എ പ്രൊജക്റ്റ്‌ ഓഫീസർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , എൻഎച്ച്ഐഎ ഉദ്യോഗസ്ഥർ, ഊരാളുങ്കല്‍  സൊസൈറ്റി പ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  തുടങ്ങിയവരുമായി സന്ദർശനം നടത്തും. നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൾ എംഎൽഎ -പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് സ്ഥാപിച്ച ഹൈ മാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നത്, വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടുന്നത് ഉടനടി നന്നാക്കുന്നത് സംബന്ധിച്ചും വേണ്ട നടപടികൾ കൈകൊള്ളൻ തീരുമാനമായി.


No comments