JHL

JHL

ഡോ: ബി.ആർ അംബേദ്കർ: വംശീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ ഊർജ്ജം - ഫ്രറ്റേണിറ്റി മൂവ്മെന്റ്


കാസർകോട്(www.truenewsmalayalam.com) : ഡോ ബി.ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ വിദ്യാർഥി-യുവജന സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിലെ ബ്രാഹ്മണ അധികാര ശക്തികളുടെ വംശീയതെക്കെതിരെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യം എന്ന ആശയം ഉയർത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തെയും സമത്വത്തേയും സാഹോദര്യത്തേയും അടയാളപ്പെടുത്തിയ ജീവിത രീതിയും മൂല്യ വ്യവസ്ഥയുമായി ജനാധിപത്യത്തെ ഉൾക്കൊള്ളുകയും, അതിനെ ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടമായി ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തെ പരിവർത്തിപ്പിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ്  ആവശ്യപ്പെട്ടു.

സംവരണത്തിന്റെ ആശയങ്ങളെ റദ്ദ് ചെയ്തു സാമ്പത്തിക സംവരണം നടപ്പിലാക്കി, വിഭവ വിതരണത്തിൽ  പോലും സാമൂഹിക നീതി അട്ടിമറിച്ച ഇടത് സർക്കാറിനെതിരേയുള്ള പോരാട്ടം കൂടിയായി  അംബേദ്കർ ഓർമ്മകൾ മാറണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ നുജൈം ആവശ്യപ്പെട്ടു.

ഒരു രാജ്യമെന്ന രീതിയിൽ വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള സാഹോദര്യത്തിലൂന്നിയ സഹവർത്തിത്വം വഴി മാത്രമേ നീതി പുലരൂ എന്ന അംബേദ്കർ ചിന്തയുടെ തെളിവുകളാണ് ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ ഇരിക്കുമ്പോൾ കാണുന്ന  മുസ്‌ലിം-ദലിത് വംശഹത്യ ശ്രമങ്ങളുടെ വർധനവ് നമ്മോട് പറയുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്ലായി പ്രസംഗിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റിയംഗം ഇബാദ അഷ്റഫ്  സ്വാഗതവും അസ്‌ലം സൂരംബയൽ നന്ദിയും പറഞ്ഞു.


No comments