JHL

JHL

നിർദിഷ്ട സീതാംഗോളി 110 കെവി സബ്സ്റ്റേഷൻ; സ്ഥലപ്രശ്നം പരിഹരിക്കാൻ കലക്ടർ സ്ഥലം സന്ദർശിച്ചു

പുത്തിഗെ(www.truenewsmalayalam.com) : സീതാംഗോളി 110 കെവി സബ്സ്റ്റേഷൻ നിർദിഷ്ട സ്ഥലത്തു സ്ഥാപിക്കാൻ വഴി തെളിയുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 3 വർഷം മുൻപു നിർദേശിച്ചതാണ് സീതാംഗോളി 110 കെവി സബ്സ്റ്റേഷൻ. ഇതിനായി സീതാംഗോളിയിൽ 2.40 ഏക്കർ റവന്യു സ്ഥലം ലീസിന് എടുക്കാൻ തീരുമാനിച്ചുവെങ്കിലും സ്ഥലത്തേക്ക് കടന്നു വരാൻ ഉചിതമായ വഴി ഇല്ലാത്തത് തടസമായി നിൽക്കുകയായിരുന്നു. 50 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ വഴി വേണം. ഇത് ലഭ്യമായാൽ സബ്സ്റ്റേഷനു വേണ്ടി ഈ സ്ഥലം തന്നെ മതി. വഴി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സ്ഥലം സന്ദർശിച്ചു.  

ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷൻ സൗമ്യ മഹേഷ്, വാർഡ് അംഗം ബി.ശങ്കര, കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ പി.ജയകൃഷ്ണൻ, പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ടി.കരുണാകരൻ, കാസർകോട് ഇലക്ട്രിക്കൽ ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.നാഗരാജ ഭട്ട്, ട്രാൻസ്മിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരായ ഇ .പ്രഭാകരൻ നായർ, കെ.പ്രദീപ് കുമാർ തുടങ്ങിയവരുമായി കലക്ടർ ചർച്ച നടത്തി. തുടർയോഗം വിളിച്ചു ചേർത്തു പ്രശ്നം പരിഹരിക്കാനുള്ള നടപടികളിലാണ് അധികൃതർ.

12 കോടി രൂപ ചെലവിൽ ആണ് സബ്സ്റ്റേഷൻ നിർമിക്കുക. ബദിയടുക്ക, പുത്തിഗെ പഞ്ചായത്തുകളിൽ ഏറെ വികസനം സാധ്യമാകുന്ന 110 കെവി സബ്സറ്റേഷൻ 6 ലൈൻ 11 കെവി ലൈൻ, 33 കെവി ലൈൻ ട്രാൻസ്ഫോമർ സഹിതം ഉള്ളതാണു പദ്ധതി. കിൻഫ്ര വ്യവസായ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്കു ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനും വിദ്യാനഗർ സബ്സ്റ്റേഷനിൽ വൈദ്യുതി മുടങ്ങിയാ‍ൽ നിർദിഷ്ട സീതാംഗോളി സബ് സ്റ്റേഷനിൽ നിന്നു ബാക്ക് അപ്പ് നൽകാനും ഇതു സഹായിക്കും. സ്ഥലവും സാമഗ്രികളും ലഭ്യമായാൽ 1 വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കാൻ കഴിയും.


No comments