JHL

JHL

ബിൽ മാറാൻ കമ്മിഷൻ ചോദിച്ചതിന്റെ പേരിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം; ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പയ്‌ക്കെതിരെ കേസ്.

മംഗളൂരു(www.truenewsmalayalam.com) : ബിൽ മാറാൻ കമ്മിഷൻ ചോദിച്ചതിന്റെ പേരിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പയ്‌ക്കെതിരെ പൊലീസ് കേസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഉഡുപ്പി പൊലീസാണ് മന്ത്രിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. മന്ത്രിയുടെ ഉറ്റ അനുയായികളായ ബാസവരാജ്, രമേഷ് എന്നിവർക്കെതിരെയും കേസുണ്ട്. മരിച്ച കരാറുകാരനായ സന്തോഷ് കെ.പാട്ടീലിന്റെ സഹോദരൻ പ്രശാന്തിന്റെ പരാതിപ്രകാരമാണ് മന്ത്രിക്കും സഹായികൾക്കുമെതിരെ കേസെടുത്തത്.

ബിൽ മാറാൻ മന്ത്രി കമ്മിഷൻ ആവശ്യപ്പെട്ടതിനാൽ മരിക്കുകയാണെന്നു വാട്സാപ് സന്ദേശമയച്ചതിനു പിന്നാലെയാണ് കരാറുകാരനായ സന്തോഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 4 കോടിയുടെ ബില്ലുകൾ മാറാൻ 40% കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്ങിനും കത്തെഴുതിയാണ് ബെളഗാവി സ്വദേശി സന്തോഷ് കെ.പാട്ടീൽ മരിച്ചത്. ഹിന്ദു വാഹിനി എന്ന സംഘടനയുടെ ദേശീയ സെക്രട്ടറി കൂടിയാണ്. 2 സുഹൃത്തുക്കൾക്കൊപ്പം ഉഡുപ്പിയിലെ ലോഡ്ജിൽ തിങ്കളാഴ്ച രാത്രി മുറിയെടുത്ത സന്തോഷിനെ ഇന്നലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

40% കമ്മിഷൻ നൽകിയാലേ സർക്കാർ പദ്ധതികളുടെ കരാറുകൾ ലഭിക്കൂ എന്നാരോപിച്ച് നേരത്തേ തന്നെ കർണാടക കോൺട്രാക്ടേഴ്സ് ഫെ‍ഡറേഷൻ രംഗത്തുണ്ട്. പ്രധാനമന്ത്രിക്കും ഗവർണർക്കും പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനാൽ പ്രതിഷേധത്തിനു തയാറെടുക്കുന്നതിനിടെയാണ് സന്തോഷിന്റെ മരണം. അതേസമയം, മരണത്തിൽ പങ്കില്ലെന്നും തന്റെ വകുപ്പ് അദ്ദേഹത്തിനു കരാർ നൽകിയിട്ടില്ലെന്നും മന്ത്രി ഈശ്വരപ്പ വ്യക്തമാക്കി. രാജിവയ്ക്കില്ലെന്നും അറിയിച്ചു.

സന്തോഷ് അയച്ച അവസാന വാട്സാപ് സന്ദേശത്തിൽ ഭാര്യയെയും കുട്ടിയെയും സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോടും മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയോടും ആവശ്യപ്പെടുന്നുണ്ട്. സന്ദേശം ലഭിച്ച ബെളഗാവിയിലെ സുഹൃത്തുക്കളാണു പൊലീസിനെ അറിയിച്ചത്. വിനോദയാത്ര പോകുന്നതായാണ് വീട്ടിൽ പറഞ്ഞിരുന്നതെന്ന് ഭാര്യ മൊഴി നൽകി. സന്തോഷ് മന്ത്രിക്കെതിരെ കത്തെഴുതിയത് വൻവിവാദമായിരുന്നു. തുടർന്ന് കേന്ദ്രമന്ത്രി വിശദീകരണം തേടുകയും ചെയ്തു. ഈശ്വരപ്പ രാജിവയ്ക്കണമെന്നും ക്രിമിനൽ കേസെടുത്ത് മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നീതി ലഭിക്കാതെ പോയെന്നു രാഹുൽഗാന്ധി പ്രതികരിച്ചു.



No comments