JHL

JHL

എം പി മുഹമ്മദ് ഫൈസി നിര്യാതനായി.

ചെർക്കള(www.truenewsmalayalam.com) : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കാസർകോട് ജില്ലാ സെക്രട്ടറിമാരിലൊരാളും മലബാർ ഇസ് ലാമിക് കോംപ്ലക്സ് എക്സിക്യൂട്ടീവ് അംഗവും മുൻ ജോയിൻറ് സെക്രട്ടറിയുമായ ചേരൂരിലെ എം പി മുഹമ്മദ് ഫൈസി (63) അന്തരിച്ചു. 1971 ൽ ചെമ്പരിക്ക സി എം അബ്ദുല്ല മൗലവി സഅദിയ്യ അറബി കോളേജ് ആരംഭിച്ചപ്പോൾ പ്രഥമ വിദ്യാർത്ഥികളിലൊരാളായിരുന്നു. ദീർഘകാലം സി എം ഉസ്താദിൻ്റെയും തുടർന്ന് യുഎം ഉസ്താദിൻ്റെയും കീഴിൽ ചട്ടഞ്ചാൽ എംഐസിയിൽ ഓഫീസ് ഇൻചാർജായി പ്രവർത്തിച്ചിരുന്നു. മേനങ്കോട് ശാഖ എസ് വൈ എസ് ജനറൽ സെക്രട്ടറിയായിരുന്നു. 

1982ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം നേടി. തുടർന്ന് പേരാൽ കണ്ണൂർ (മുദരിസ് ), എരിയാൽ, ചൂരി, കോട്ടിക്കളം, പൊവ്വൽ, കാടങ്കോട്, കുണിയ, ചെരുമ്പ, കൂളിക്കുന്ന്, നായമാർ മൂല(സദ്ർ മുഅല്ലിം), ആലമ്പാടി വഫിയ്യ കോളേജ് (അധ്യാപകൻ) എന്നിവിടങ്ങളിൽ സേവനം ചെയ്തു. 

പിതാവ്: മൂസ പോക്കർ, മാതാവ്: സൈനബ. പൂച്ചക്കാട് മുഹമ്മദ് മുസ്ലിയാരുടെ മകൾ ഫാത്വിമയാണ് ഭാര്യ. മക്കൾ: ആശിഖ് ഹുദവി (ഷാർജ), റാശിദ് വാഫി (ഗ്രീൻ വുഡ്സ് സ്കൂൾ അധ്യാപകൻ), തബ് ശിറ(അഫ്ദലുൽ ഉലമാ), ജസീല വഫിയ്യ. മരുമകൻ: സുഹൈൽ ഹുദവി മുക്കൂട്. സഹോദരങ്ങൾ: മഹ് മൂദ്, അബ്ദുൽ ഖാദിർ, മൂസ,നസീർ, അസ്മാ,ആയിശ. 

പരേതൻ്റെ പേരിൽ മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാർത്ഥനയും നടത്താൻ സമസ്ത വൈസ് പ്രസിഡൻറ് യുഎം അബ്ദുർ റഹ്മാൻ മൗലവി, ജില്ലാ പ്രസിഡൻറും കീഴൂർ-മംഗലാപുരം ഖാസിയുമായ ത്വാഖാ അഹ് മദ് അൽ അസ് ഹരി ആഹ്വാനം ചെയ്തു.



No comments