JHL

JHL

കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി നാലു പേർ പിടിയിൽ.

കാസർകോട്(www.truenewsmalayalam.com) : കാറിൽ കടത്തുകയായിരുന്ന 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 196 ഗ്രാം എംഡിഎംഎയുമായി കർണാടക സ്വദേശി ഉൾപ്പെടെ 4 പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാറും ലഹരിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. നെല്ലിക്കട്ട പൈക്കയിലെ ബി.സമീർ (35), എരിയപ്പാടി ചീമുള്ളയിലെ കോട്ടവീട്ടിൽ സി.എച്ച്.ഷെയ്ഖ് അബ്ദുൽ നൗഷാദ് (34), പൈക്ക കരിങ്ങാപ്പള്ളത്തെ പി.എ.ഷാഫി (38), ദക്ഷിണ കന്നഡ ബണ്ട്വാൾ ബിസി. റോഡിലെ കാസായ് സിദ്ദിഖ് ( അബൂബക്കർ സിദ്ദിഖ് 38) എന്നിവരെയാണു എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് പ്രത്യേക സംഘം ആദൂർ കുണ്ടാർ വിവേകാനന്ദ നഗറിൽ വച്ച് പിടികൂടിയത്.

ജില്ലയിൽ എക്സൈസ് നടത്തിയ വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് അധികൃതർ അറിയിച്ചു. പ്രതികളെ കാസർകോട് കോടതിയിൽ ഹാജരാക്കി. കർണാടകയിൽ നിന്നു കാറിൽ വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു എക്സൈസ് ഇൻസ്പെക്ടർ ജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാവിലെ തന്നെ സംഘത്തിന്റെ പിന്നാലെയായിരുന്നു.

രാത്രി എട്ടുമണിയോടെ കുണ്ടാർ വിവേകാനന്ദ നഗറിൽ വച്ച് എക്‌സൈസ് വാഹനത്തെ വെട്ടിച്ച് സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനം കുറുകെയിട്ടാണ് ഇവരെ വലയിലാക്കിയത്. ബെംഗളൂരുവിൽ നിന്നും ഉത്തരമലബാറിലേക്ക് ലഹരിമരുന്നെത്തിക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണു അറസ്റ്റിലായവരെന്നു എക്‌സൈസ് അധികൃതർ അറിയിച്ചു.

കാറിന്റെ സീറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ ഉണ്ടായിരുന്നത്. പരിശോധനയിൽ ഇൻസ്‌പെക്ടറിനു പുറമേ പ്രിവന്റീവ് ഓഫിസർമാരായ സി.കെ.അഷറഫ്, എൻ.വി.ദിവാകരൻ, എം.വി.സുധീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സി.അജീഷ്, കെ.ആർ.പ്രജിത്ത്, പി.മനോജ്, എൽ.മോഹനകുമാർ, പി.എസ്.പ്രിഷി, ഡ്രൈവർ പി.വി.ദിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.



No comments