JHL

JHL

യന്ത്രത്തകരാർ; ദേശീയപാതയിൽ ട്രെയിലർ ലോറി കുടുങ്ങി ഗതാഗതം നിലച്ചു.

കാസർകോട്(www.truenewsmalayalam.com) : യന്ത്രത്തകരാർ കാരണം ദേശീയപാതയിൽ ട്രെയിലർ ലോറി കുടുങ്ങി. സ്വകാര്യ സിമന്റ് കമ്പനിയുടെ ബെംഗളൂരുവിലെ സംഭരണശാലയിൽനിന്ന് ബേക്കലിലേക്ക് 33 ടൺ സിമന്റുമായി വന്ന ലോറിയാണ് ദേശീയപാതയിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾപമ്പിനു മുൻപിൽ കുടുങ്ങിയത്. ലോറിയുടെ ഇടതുവശത്തെ ചക്രത്തിലേക്കുള്ള ആക്സിൽ ഒടിഞ്ഞതാണ് യാത്ര നിലയ്ക്കാൻ കാരണമെന്ന് ഡ്രൈവർ സേലം സ്വദേശി ചിരഞ്ജീവി പറഞ്ഞു.

പുതിയ ബസ് സ്റ്റാൻഡ് ജങ്ഷനിൽനിന്ന് പഴയ പ്രസ് ക്ലബ്ബ് ജങ്ഷനിലേക്ക് കടക്കാൻ പോലീസുകാർ അനുവദിക്കാത്തതിനെ തുടർന്ന് ദേശീയപാതയിലൂടെ മുന്നോട്ട് സഞ്ചരിച്ച് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ പെട്രോൾപമ്പ് വഴി തിരിക്കാനുള്ള ശ്രമത്തിനിടയിലാണ് റോഡിനുനടുവിൽ പെട്ടത്. റോഡിന് നടുവിൽ വണ്ടി കുടുങ്ങിയതോടെ ദേശീയപാതയുടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിലച്ചു. ഏകദേശം അരമണിക്കൂർ സമയം ദേശീയപാതവഴിയുള്ള ഗതാഗതം നിലച്ചു. ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.

കാസർകോട് ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് വാഹനഗതാഗതത്തിനുള്ള ബദൽ സംവിധാനമൊരുക്കിയത്. വിദ്യാനഗർ ഭാഗത്തുനിന്ന് കാസർകോടേക്ക് പോകുന്ന റോഡിലെ ഇടതുവശത്തുണ്ടായിരുന്ന മരക്കഷണങ്ങൾ പോലീസും നാട്ടുകാരും ചേർന്ന് മാറ്റി അതുവഴി വാഹനങ്ങൾക്കു സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കി.



No comments