JHL

JHL

ജനറൽ ആശുപത്രി വളപ്പിൽ നിന്നു അനുമതിയില്ലാതെ മരം മുറിച്ചുകടത്തിയ കേസ്: ഒരാൾ പിടിയിൽ.

കാസർകോട്(www.truenewsmalayalam.com) : ജനറൽ ആശുപത്രി വളപ്പിൽ നിന്നു അനുമതിയില്ലാതെ മരം മുറിച്ചുകടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയിൽ വളപ്പിൽ നിർമാണ പ്രവൃത്തികളുടെ കരാർ ഏറ്റെടുത്ത തളങ്കര ബാങ്കോട്ടെ  കെ.എം.ഷിഹാബുദ്ദീൻ (42)നെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് വ്യവസ്ഥകൾ പ്രകാരം  ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ഫെബ്രുവരി 11,12 തീയതികളിലാണു  ആശുപത്രി വളപ്പിലെ തേക്കും വാകയും ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് കെ.കെ.രാജറാമിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്.  പഴയ ബസ് സ്റ്റാൻഡിൽ നിന്നു ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനുള്ള റോഡ് വികസിപ്പിക്കുന്നതിനാണു മരം മുറിച്ചത്.

എന്നാൽ കരാർ നടപടികൾ പൂർത്തിയാക്കാതെ അനുമതിയില്ലാതെ കൂടുതൽ മരങ്ങൾ മുറിച്ച നടപടി ഏറെ വലിയ വിവാദമായിരുന്നു. ഇതേ തുടർന്നു വിജിലൻസ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി ഡയറക്ടർക്കു റിപ്പോർട്ടു സമർപ്പിച്ചിരുന്നുവെങ്കിലും തുടർനടപടിയുണ്ടായില്ല. കാസർകോട് സിഐ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ പൊലീസും നടത്തിയ അന്വേഷണത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നു അന്വേഷണ സംഘം സൂചിപ്പിച്ചു.  അറസ്റ്റ് വൈകുന്നതിനു എതിരെ പ്രതിഷേധം ഉയർന്നിരുന്നു.




No comments