JHL

JHL

പോക്സോ കേസ് പ്രതി കടലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവിന്റെ സഹോദരി ഹൈക്കോടതിയിലേക്ക്.

കാസർകോട്(www.truenewsmalayalam.com) : പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കടലിൽ ചാടി മരിച്ച സംഭവത്തിൽ സംസ്ഥാന എസ്‌സി–എസ്ടി കമ്മിഷൻ ഉത്തരവ് നടപ്പാക്കാൻ വൈകുന്നെന്നു മരിച്ച യുവാവിന്റെ സഹോദരി. സർക്കാർ നടപടി വൈകുന്നതിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുമെന്നാണു സൂചന. കാസർകോട് കസബയിലെ തെളിവെടുപ്പിനിടെ വിലങ്ങുമായി കടലിൽ ചാടി പോക്സോ കേസ് പ്രതി മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.

യുവാവിന്റെ വൃദ്ധരായ മാതാപിതാക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാരിനോട് കമ്മിഷൻ ആവശ്യപ്പെട്ടു. മരിച്ച മഹേഷിന്റെ സഹോദരി ചന്ദ്രാവതി നൽകിയ പരാതിയിലായിരുന്നു കമ്മിഷന്റെ ഉത്തരവ്. കഴിഞ്ഞ വർഷം ഒക്ടോബർ 4ന് ഉത്തരവിട്ടു. ഇതു സംബന്ധിച്ച രേഖകൾ ഫെബ്രുവരിയോടെ പരാതിക്കാർക്കു ലഭിച്ചു. കുളിമുറിയിലെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന പരാതിയിലാണു കാസർകോട് ടൗൺ പൊലീസ് ആരോപണ വിധേയനായ മഹേഷിനെ കസ്റ്റഡിയിലെടുത്തത്.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ നെല്ലിക്കുന്ന് ഹാർബറിലെ പുലിമുട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇതു കണ്ടെത്താൻ മഹേഷുമായി പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ മഹേഷ് കടലിലേക്കു ചാടി. കയ്യിൽ വിലങ്ങുണ്ടായിരുന്നതിനാൽ നീന്താൻ കഴിഞ്ഞില്ല. പൊലീസുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 2020 ജൂലൈ 22നായിരുന്നു സംഭവം. 13 ദിവസത്തിനു ശേഷം കർണാടകയിലെ ഉഡുപ്പി തീരത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്.

അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും കമ്മിഷൻ ഉത്തരവ് നൽകിയിരുന്നു. കാസർകോട് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന പി.രാജേഷ്, സബ് ഇൻസ്‌പെക്ടർ യു.പി.വിപിൻ, ജൂനിയർ സബ് ഇൻസ്‌പെക്ടർ രൂപ മധുസൂദനൻ, ഗ്രേഡ് എസ്ഐ കെ.വി.സുമേഷ് രാജ്, സിപിഒ പ്രമോദ് എന്നിവർക്കെതിരെയാണ് കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.


No comments