JHL

JHL

സഹകരണ സംഘത്തിന് തദ്ദേശ ഫണ്ട്; ജില്ലയിൽ രാഷ്ട്രീയ വിവാദം

കാസർകോട്(www.truenewsmalayalam.com) : സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിന് തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ട് നൽകാമെന്നുള്ള സർക്കാർ നിർദേശം ജില്ലയിൽ പുതിയ രാഷ്ട്രീയ വിവാദത്തിലേക്ക്. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് ഇത്ര വലിയ ധന സമാഹരണത്തിനു വഴിയൊരുക്കാൻ സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്നു എന്നാണു യുഡിഎഫും ബിജെപിയും ഉയർത്തുന്ന പ്രധാന വിമർശനം. സർക്കാരിന്റെ ഉത്തരവ് അത്ഭുതമുളവാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നിർവാഹക സമിതിയംഗം എ.ജി.സി.ബഷീർ പറഞ്ഞു. എന്നാൽ വിവിധ സഹകരണ സംഘങ്ങൾക്കും ട്രസ്റ്റുകൾക്കും മറ്റും പൊതുകാര്യങ്ങൾക്കായി ഇത്തരം ഉത്തരവിറക്കുന്നത് സാധാരണമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. വിവിധ സ്മാരകങ്ങൾക്കും  കെട്ടിട നിർമാണത്തിനുമൊക്കെ ഇത്തരത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തുക അനുവദിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 

ഉദ്ഘാടന തയാറെടുപ്പുകളുമായി സൊസൈറ്റി

സർക്കാർ നിർദേശത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ‍ വിമർശനമുന്നയിച്ചെങ്കിലും ഈ മാസം 30നു നടക്കുന്ന ആശുപത്രി ഉദ്ഘാടനത്തിന്റെ തയാറെടുപ്പുകളുമായി മുന്നോട്ടു പോവുകയാണു സൊസൈറ്റി. മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനത്തിനെത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. രാഷ്ട്രീയമായ വേർതിരിവുകളില്ലെന്നും പ്രായപൂർത്തിയായ ആർക്കും ഓഹരി പങ്കാളിയാകാമെന്നും ഇവർ പറയുന്നു. 

ആശുപത്രിയുടെ ഫണ്ട് ഉദ്ഘാടനത്തിന് നേരത്തെ മന്ത്രി എം.വി.ഗോവിന്ദൻ പങ്കെടുത്തിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ ആരോഗ്യ മേഖല നേരിട്ട പ്രതിസന്ധി ചൂണ്ടിക്കാട്ടി സൊസൈറ്റി മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടാനുള്ള അനുമതി ഇതിന്റെ അടിസ്ഥാനത്തിലാണ് ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഈ വരുന്ന 30നാണ് ആശുപത്രിയുടെ ഉദ്ഘാടനം. ഇതിന്റെ ഭാഗമായി പെയിന്റിങ് ജോലി അടക്കം പുരോഗമിക്കുകയാണ്. പ്രാഥമിക സൗകര്യങ്ങളോടെയാണ് ആശുപത്രിയുടെ തുടക്കം. 

എല്ലാ വിഭാഗങ്ങളിലും പെട്ട ചികിത്സാ സൗകര്യം ആദ്യ ഘട്ടത്തിൽ ഉണ്ടാകും. ചെറിയ തോതിൽ മികച്ച ചികിത്സ നൽകുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. 2 ലക്ഷം രൂപയാണ് വാടക. മറ്റു ചെലവുകളും കൂടിയാകുമ്പോൾ ആശുപത്രി നടത്തിപ്പിന് വലിയ തുക കണ്ടെത്തേണ്ടി വരും. അതിനാൽ ചെറിയ രീതിയിൽ മികച്ച ചികിത്സ നൽകുകയാണ് സൊസൈറ്റി ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 2 വർഷത്തിനുള്ള സ്പെഷ്യൽറ്റി സൗകര്യം ആശുപത്രിയിൽ ഒരുക്കുകയാണ് ലക്ഷ്യം. 

സൊസൈറ്റി തുടക്കം 2001ൽ

2001ൽ സഹകരണ നിയമപ്രകാരമാണ് കാഞ്ഞങ്ങാട് കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റി റജിസ്റ്റർ ചെയ്തത്. വി.വി.രമേശൻ, സി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്ന് സൊസൈറ്റി റജിസ്റ്റർ ചെയ്തത്.  പിന്നീട് വളരെക്കാലം സാങ്കേതിക കാരണങ്ങളാൽ‍ പ്രവർത്തനം നിലച്ചു. കഴിഞ്ഞ വർഷമാണ് വീണ്ടും സൊസൈറ്റിയുടെ പ്രവർത്തനം സജീവമാക്കിയത്. കഴിഞ്ഞ മാസം 3ന് ആണ് കാഞ്ഞങ്ങാട് കുന്നുമ്മലിലെ കൃഷ്ണ നഴ്സിങ് ഹോം സഹകരണ ആശുപത്രിയാക്കി മാറ്റാനായി ഏറ്റെടുത്തത്. ഡോ. പി.കൃഷ്ണൻ നായരുടെ വസതിയിൽ വച്ചാണ് ധാരണ പത്രം കൈമാറിയത്. സൊസൈറ്റി പ്രസിഡന്റ് പി.അപ്പുക്കുട്ടൻ, വൈസ് പ്രസിഡന്റ് വി.വി.രമേശൻ, സെക്രട്ടറി സി.ബാലകൃഷ്ണൻ എന്നിവർക്കാണ് ഡോ. കൃഷ്ണൻ നായരുടെ കുടുംബം ധാരണ പത്രം കൈമാറിയത്.




No comments