JHL

JHL

കോളജ് വിദ്യാർഥിക്കു നേരെ സദാചാര ഗുണ്ടായിസം; ഒരാൾ പിടിയിൽ.

 

കാസർകോട്(www.truenewsmalayalam.com) : കോളജ് വിദ്യാർഥിക്കു നേരെ സദാചാര ഗുണ്ടായിസം. കാറിലെത്തിയ സംഘം വിദ്യാർഥിയെ അക്രമിച്ചു. സാരമായ പരുക്കേറ്റ മുള്ളേരിയ മാളംങ്കൈ താന്നിക്കൽ ഹൗസിൽ മനോഹരന്റെ മകൻ അർഷിത്ത് (19) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 3 പേർക്കെതിരെ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം തളങ്കര മാലിക്ദീനാർ ആശുപത്രിക്കു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണു അക്രമം. സ്വകാര്യ കോളജിൽ പഠിക്കുന്ന അർഷിത്ത് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകാനായി വിദ്യാ‍ർഥിനികൾ ഉൾപ്പെടെയുള്ള സഹപാഠികളോടൊപ്പം ബസ് കാത്തുനിൽക്കുന്നതിനിടെ കാറിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു.

മർദനത്തിൽ ചെവിയുടെ കർണപടം പൊട്ടിയതായും വിദ്യാർഥിനികളോടു സംസാരിച്ചുവെന്ന കാരണത്താലാണു അക്രമിച്ചതെന്നും വിദ്യാർഥി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ തളങ്കര പടിഞ്ഞാറിൽ താമസിക്കുന്ന തായലങ്ങാടിയിലെ ഹസൈനാർ (48) നെ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ മറ്റു 2 പ്രതികളെ കൂടി പിടികൂടാനുണ്ട്.


No comments