രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവ ഡോക്ടറെ കുത്തിപരുക്കേൽപ്പിച്ച സംഭവം; ഒന്നരമാസത്തോളമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
കഴിഞ്ഞ ഫെബ്രുവരി 28നു രാത്രിയാണു കാസർകോട് കെയർവെൽ ആശുപത്രിയിലെ ഡോക്ടറും മൊഗ്രാൽപുത്തുർ സിപിസിആർഐ ഗസ്റ്റ് ഹൗസിനടുത്തെ കെ.സി.കോംപൗണ്ടിലെ കെ.സി. ഷാബിൽ നാസറി (26)നെ വാഹനത്തിലെത്തിയ സംഘം വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചത്. പരുക്കേറ്റ ഡോക്ടർ ദിവസങ്ങളോളം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു ചടങ്ങിൽ പങ്കെടുത്തു ഡോക്ടറും മാതാവും ഉൾപ്പെടെയുള്ളവർ രാത്രി 11.30 മണിയോടെയാണു വീട്ടിൽ മടങ്ങിയെത്തിയത്.
വീടിനകത്തു കയറിയതിനു ശേഷം വാതിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്നു എത്തിയ സംഘം ഡോക്ടർക്കു നേരെ അക്രമം നടത്തുകയായിരുന്നു. ഇതിനിടെ ഡോക്ടറുമായുള്ള ബലം പ്രയോഗത്തിനിടെ സംഘത്തിലെ ഒരാൾക്കു അടിയേറ്റു. ഡോക്ടറും വീട്ടുകാരും നിലവിളിച്ചതോടെ സംഘം വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. കാസർകോട് ടൗൺ പൊലീസാണു കേസ് അന്വേഷിക്കുന്നത്. ഈ വീട്ടിൽ നിരീക്ഷണ ക്യാമറകളില്ല. എന്നാൽ സമീപത്തെ വീടുകളിലെയും മറ്റു സിസിടിവി ക്യാമറകൾ പരിശോധിച്ചു. എന്നാൽ അക്രമി സംഘങ്ങളെ തിരിച്ചറിയുന്നതിനുള്ള സൂചനകൾ ഇതുവരെ ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു.
Post a Comment