JHL

JHL

മൊഗ്രാൽ കടപ്പുറത്ത് നടപ്പാതയായി; പ്രദേശവാസികൾക്ക് ഇനി ചളിവെള്ളം ചവിട്ടാതെ ബീച്ചിലും പള്ളിയിലുമെത്താം.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ബീച്ചിലേക്കും,ഖിളർ മസ്ജിദിലേക്കും,ഈമാൻ റിസോർട്ടിലേക്കും പോകുന്നവർക്ക് ഇനി ചളിവെള്ളം ചവിട്ടാതെ പോകാം. കൊപ്പളം വാർഡ് മെമ്പർ കൗലത്ത് ബീബി പ്രത്യേക താൽപര്യം എടുത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി റെയിൽവേ ട്രാക്ക് പരിസരത്തുനിന്ന് കടപ്പുറം തീരദേശ ലിങ്ക് റോഡ് വരെ കോൺക്രീറ്റ് നടപ്പാത നിർമ്മിച്ചതോടെയാണ് വർഷങ്ങളായുള്ള പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരമായത്.

 മഴക്കാലത്ത് ഈ പ്രദേശം വെള്ളത്തിൽ മുങ്ങുക പതിവാണ്. ഇതുമൂലം മുട്ടോളം വെള്ളത്തിൽ ചളിവെള്ളം ചവിട്ടി വേണം പള്ളിയിലേക്കും, ബീച്ചിലേക്കും പോകാൻ. ഈ പ്രയാസം പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതരേയും വാർഡ് മെമ്പറേയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നീണ്ടകാലത്തെ ഈ ഒരു പരാതിക്കാണ് ഇപ്പോൾ നടപ്പാത നിർമാണത്തിലൂടെ പരിഹാരമായിരിക്കുന്നത്. ഇതിനായി പ്രവർത്തിച്ച പഞ്ചായത്ത് മെമ്പറേയും,  ഫണ്ട് അനുവദിച്ച കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെയുംമൊഗ്രാൽ മീലാദ് ട്രസ്റ്റ്‌ അഭിനന്ദിച്ചു.

 അതിനിടെ കടപ്പുറത്ത് കാലവർഷത്തിൽ വീടുകൾക്കു ചുറ്റും വെള്ളക്കെട്ട് രൂപപ്പെടുന്ന തിനാൽ ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾ പ്രശ്നപരിഹാരത്തിനായി എകെഎം അഷ്റഫ് എംഎൽഎയും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും കണ്ട് ശാശ്വതമായ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം വെള്ളത്തിൽ മുങ്ങിയ പ്രദേശം എംഎൽഎയും റവന്യു അധികൃതരും, ജനപ്രതിനിധികളും സന്ദർശിച്ചിരുന്നു.



No comments