വീട്ടുകാർ തിരുമുൽക്കാഴ്ച കാണുന്നതിനിടെ തുറന്നിട്ട വീട്ടിൽ മോഷണം; 33.25 പവൻ സ്വർണം കവർന്നു.
ഉളിയത്തടുക്ക(www.truenewsmalayalam.com) : വീടിനു സമീപത്തു കൂടി പോകുന്ന തിരുമുൽക്കാഴ്ച കാണുന്നതിനിടെ തുറന്നിട്ട വീട്ടിൽ നിന്ന് 33.25 പവൻ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം രാത്രി മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണു കവർന്നത്. ഉദയഗിരി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള തിരുമുൽക്കാഴ്ച വീട്ടുകാർ കാണുന്നതിനിടെയാണു വീടിനകത്തേക്കു കയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ തുറന്നിട്ടിരുന്ന അലമാരയിൽ നിന്നു ആഭരണങ്ങൾ കവർന്നത്.
4 മാല, 2 ലോക്കറ്റ്, പാദസരം, 13 സെറ്റ് കമ്മൽ, 5 സെറ്റ് വള എന്നിവ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നാണു പരാതിയെന്നു പൊലീസ് പറഞ്ഞു. കാഴ്ച കണ്ടു തിരിച്ചെത്തുമ്പോഴേക്കും വീട്ടിൽ നിന്നൊരാളിറങ്ങി മതിൽ ചാടി ഓടുന്നതു കണ്ടിരുന്നു.
ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീടുമായും സമീപ പ്രദേശവുമായും നല്ല പരിചയമുള്ളവരായിരിക്കാം മോഷണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ലോകേഷിന്റെ ഭാര്യ അർച്ചനയുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. എസ്ഐ എം.വി.വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.
Post a Comment