JHL

JHL

ജില്ലയിൽ മൂന്ന് പോക്സോ കേസ് പ്രതികൾക്ക് തടവും പിഴയും ശിക്ഷ.

കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ 3 പോക്സോ കേസുകളിൽ പ്രതികൾക്കു തടവും പിഴയും ശിക്ഷ. പട്ടിക വിഭാഗം വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം ചെയ്തു ബന്ധു വീട്ടിൽ കൊണ്ടുപോയി  പീഡിപ്പിച്ചുവെന്ന കേസിൽ ഓട്ടോ ഡ്രൈവർക്ക് വിവിധ വകുപ്പുകളിലായി 40 വർഷം തടവും  2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.അരമങ്ങാനം സ്വദേശി സജീവ് എന്ന  സജിത്തി (30) നാണ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി.ഉണ്ണിക്കൃഷ്ണൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് അനുഭവിക്കണം. 2016 ഏപ്രിൽ 14 നു ആണ് കേസിനു കാരണമായ സംഭവം. അരമങ്ങാനത്തു നിന്നു സ്വന്തം വീട്ടിൽ പോകാനായി റിക്ഷയുമായി എത്താൻ പറഞ്ഞതായിരുന്നു പത്താം ക്ലാസിൽ പഠിക്കുകയായിരുന്ന പെൺകുട്ടി.

 എന്നാൽ തന്റെ ബന്ധുവിന്റെ കുട്ടിക്കു സുഖമില്ലെന്നും  ആ വഴി വീട്ടിൽ കയറി കുട്ടിയെ കണ്ടു പോകാമെന്നു പറഞ്ഞു രാവിലെ 10 നു ചിത്താരിയിലെ ബന്ധു വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു ഡ്രൈവർ. ഇവിടെ എത്തിയപ്പോൾ ആരും ഇല്ലാത്ത വീട്ടിൽ പെൺകുട്ടിയെ മുറിയിൽ വച്ചു   പീഡിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. എസ്എംഎസ് ഡിവൈഎസ്പി എം.വി.സുകുമാരൻ ആണ് കേസ് അന്വേഷിച്ചു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പെൺകുട്ടിയെ കത്തി കൊണ്ടു കുത്താൻ  ശ്രമിക്കുകയും ഇത് ത‍ടയാൻ ശ്രമിച്ച  അമ്മയ്ക്കും സഹോദരിക്കും പരുക്ക് പറ്റുകയും ചെയ്തതിന്  കേസ് നിലവിലുണ്ട്.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.

മറ്റൊരു പീഡന കേസിൽ വയോധികന് കോടതി വിവിധ വകുപ്പുകൾ പ്രകാരം 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും  വിധിച്ചു. ബളാൽ എരാൻതിട്ട സ്വദേശി എം.കെ.സുരേഷ് (65)നാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി തടവ് അനുഭവിക്കണം. 2018 ഡിസംബർ 28 നു ആണ് കേസിന് കാരണമായ സംഭവം.  വെള്ളരിക്കുണ്ട് എസ്ഐമാരായ എസ്.ശിവദാസൻ, എം.എ.ജോസ് എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം നൽകിയത്. സ്കൂളിലേക്കു പോകുകയായിരുന്ന പെൺകുട്ടികൾക്ക് മാനഹാനി വരുത്തിയെന്ന കേസിൽ കാഞ്ഞങ്ങാട് സൗത്ത് വാഴവളപ്പിൽ അജിത്തിന്( 44) വിവിധ വകുപ്പുകളിലായി 6 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി തടവ് അനുഭവിക്കണം.


No comments