വില്ലേജ് ഓഫീസികളുടെ കാര്യക്ഷമത പരിശോധിച്ച് ജില്ലാ കളക്ടർ
ഉദുമ : വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി ഉദുമ, ബാര വില്ലേജ് ഓഫീസുകൾ സന്ദർശിച്ചു. ഉദുമ വില്ലേജ് ഓഫീസിൽ രാവിലെ പത്തരയ്ക്ക് എത്തിയ കളക്ടർ ഹാജർനില പരിശോധിച്ചശേഷം റെക്കോർഡ് റൂം സന്ദർശിച്ചു. വിവിധ ആവശ്യങ്ങൾക്കെത്തിയ പൊതുജനങ്ങളോട് ഓഫീസ് സേവനം ലഭിക്കാനെടുക്കുന്ന സമയം തുടങ്ങിയ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തി. ലാപ്ടോപ്, കംപ്യൂട്ടർ പ്രിന്റർ എന്നിവയുടെ കുറവുകൾ രേഖപ്പെടുത്തി. വില്ലേജ് പരിധിയിലെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കോതർമ്പത്ത് സ്വദേശി കെ.അമ്മാളു (65), കണ്ണികുളങ്ങര സ്വദേശി രാമൻ (72) എന്നിവരെ സന്ദർശിച്ചു. അമ്മാളു അമ്മയ്ക്ക് ഭക്ഷണവും മറ്റ് സഹായവും ചെയ്യുന്ന സമീപവാസിയായ ഓട്ടോ ഡ്രൈവർ മധുവിനെ വില്ലേജ് ഓഫീസിൽ അനുമോദിച്ചു. വില്ലേജ് ഓഫീസിന് സമീപത്തുള്ള ഉദുമ ജി.എൽ.പി. സ്കൂൾ സന്ദർശിച്ച് അതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. സ്കൂളിലെ കളിസ്ഥലത്തിന്റെ കുറവും ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കാത്തതും സ്കൂൾ അധികൃതർ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
Post a Comment