JHL

JHL

ബദിയടുക്കയിൽ കോവിഡ് ചികത്സക്ക് രണ്ടിടത്ത് ചികിത്സാ കേന്ദ്രങ്ങൾ തയ്യാറാവുന്നു ; കണ്ണിയത്ത് ഉസ്താദ് അക്കാദമിയിലും മാർത്തോമാ കോളജിലുമാണ് കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകൾ സജ്ജീകരിക്കുന്നത്

ബദിയടുക്ക(True News 29 July 2020):ബദിയടുക്ക  പഞ്ചായത്തിൽ രണ്ടിടത്ത്    കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ തയ്യാറാവുന്നു . കണ്ണിയത്ത് ഉസ്താദ് അക്കാദമിയിലും മാർത്തോമാ കോളജിലുമാണ് കോവിഡ്  ഫസ്റ്റ് ലൈൻ സെന്ററുകൾ സജ്ജീകരിക്കുന്നത്. ബദിയടുക്ക കണ്ണിയത്ത് ഇസ്‌ലാമിക് അക്കാദമിയിൽ 100 ബെഡുകളാണുള്ളത്. ഇവിടെ പൊതു ശുചിമുറിയായതിനാൽ ഇവിടെ പ്രവേശിപ്പിക്കുന്ന ആളുകൾക്ക് ഉപയോഗിക്കാൻ 10 റെഡിമെയ്ഡ് ശുചിമുറികളാണ് സജ്ജീകരിക്കുന്നത്. മാർത്തോമയിൽ 32 മുറികളിൽ 64 കിടക്കകളുണ്ട്. ജില്ലയിൽ കോവിഡ് പോസിറ്റീവാകുന്നവർ പ്രതിദിനം കൂടുന്നെങ്കിൽ മാത്രമേ ഇവിടെ പ്രവർത്തനം തുടങ്ങൂ.  ഇവിടേക്കുള്ള ശുചീകരണ തൊഴിലാളികൾ, വൊളന്റിയർ എന്നിവരെ പഞ്ചായത്താണ് നിയമിക്കുന്നത്. ഭക്ഷണമുൾപ്പെടെയുള്ള അനുബന്ധ സേവനങ്ങൾ പഞ്ചായത്ത്  സ്പോൺസർഷിപിലൂടെ കണ്ടെത്തണം.കേന്ദ്രങ്ങൾ തുടങ്ങുന്നതിനു സ്പോൺസർഷിപ്,പദ്ധതി വിഹിതം,തനത്ഫണ്ട് എന്നിവ പഞ്ചായത്ത് കണ്ടെത്തണം. ദുരിതാശ്വാസ നിധിയിൽ നിന്നാണ് പഞ്ചായത്തുകൾക്ക് ഈ തുക തിരികെ ലഭിക്കുക. ജില്ലാ ആരോഗ്യവിഭാഗവും ദേശീയ ആരോഗ്യദൗത്യം(എൻഗഎച്ച്എം )ചേർന്നാണ് ഡോക്ടർമാരെയും നഴ്‍സുമാരെയും ലഭ്യമാക്കുന്നത്.  പഞ്ചായത്തിലെ ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജിലാണ് കഴിഞ്ഞ ഏപ്രിൽ 7ന് കോവിഡ് ആശുപത്രി തുടങ്ങിയത്. ജില്ലയിലെ കോവിഡ് പോസിറ്റീവായ അധികം പേരെയും ഇവിടെയാണ് പ്രവേശിപ്പിച്ചിരുന്നത്.  സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജിൽ നിന്നെത്തിയ വിദഗ്ധ സംഘങ്ങൾ ഇവിടെ രോഗികളെ പരിശോധിച്ചിരുന്നു. ഇവരെല്ലാം മടങ്ങിയതോടെ ഇപ്പോൾ കോവിഡ് ആശുപത്രിയിലേക്ക് നിയമനം നടത്തിയവരാണ് കോവിഡ് പോസിറ്റീവായവരെ പരിചരിക്കുന്നത്. അടുത്തിടെ 95ഓളം പോസിറ്റീവായവർ ഇവിടെയുണ്ടായിരുന്നു.  ഇപ്പോൾ 25 പേരോളമായി കുറ‍ഞ്ഞിട്ടുണ്ട്. ഇവിടെ ഐസിയു, വെന്റിലേറ്റർ സൗകര്യമൊരുക്കി തീവ്ര ലക്ഷണമുള്ളവരെ പ്രവേശിപ്പിക്കാനായി ഇതിന്റെ പണി ദ്രുതഗതിയിൽ നടക്കുകയാണ്. അതുകൊണ്ടാണ് പോസിറ്റീവായവരുടെ പ്രവേശനം കുറച്ചത്. മെഡിക്കൽ കോളജിൽ നിന്നും 7 കിലോമീറ്റർ ദൂരത്താണ് ബദിയടുക്കയിലെ കണ്ണിയത്ത് അക്കാദമി.  ഇവിടെ നിന്നു 2 കിലോമീറ്റർ ദൂരത്ത് ബീജന്തടുക്കയിലെ മർത്തോമാ കോളജ്. കൂടുതൽ ചികിത്സ വേണ്ട കോവിഡ് പോസിറ്റീവ് രോഗികളെ  പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ നിന്നു പെട്ടെന്നു മെഡിക്കൽ കോളജി ലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റാനാകും.30 കിടക്കകളുള്ള സാമൂഹിക കേന്ദ്രവും ബദിയടുക്കയിലുണ്ട്.

No comments