JHL

JHL

മംഗളൂരുവിൽ ജില്ലാ കലക്റ്റർക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി; കന്നുകാലികളെ കൊണ്ടുവരുന്ന വാഹനങ്ങൾ അക്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന കലക്ടറുടെ നിലപാടിനെത്തുടർന്നാണ് ഭീഷണി

മംഗളൂരു(True News, July 28,2020): ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മീഷണർക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധ ഭീഷണി. ഒരു വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഡെപ്യൂട്ടി കമ്മീഷണർ  സിന്ധു ബി രൂപേഷിനെ കൊന്നുകളയുമെന്ന് ഒരാൾ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കന്നുകാലികളെ കൊണ്ടുവരുന്ന വാഹനങ്ങളെ അക്രമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചക്കിടെയാണ് ഇയാൾ വധ ഭീഷണി മുഴക്കിയത്. ഹിന്ദുത്വത്തെയും   ഹിന്ദു ദൈവങ്ങളെയും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ഏതറ്റം  വരെയും  പോകുമെന്നും, മരിക്കാൻ വരെ ഭയമില്ലെന്നും ഇയാൾ പറയുന്നുണ്ട്.ഇയാളുടെ തുളുവിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായി.
നേരത്തെ കാലിക്കടത്തുമായിബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ  ഓഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ട്വിറ്ററിലൂടെ രംഗത്തുവന്നിരുന്നു. അനധികൃത കാലിക്കടത്ത് ശ്രദ്ധയിൽപ്പെടുന്നവർ അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവരണമെന്നും അല്ലാതെ നിയമം കയ്യിലെടുക്കരുതെന്നും ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ഇയാൾ കലക്റ്റർക്കെതിരെ വധ ഭീഷണി മുഴക്കിയത്. ഈയിടെയായി കുന്താപുരം,ബെൽത്തങ്ങാടി പഡുബിദ്രി മംഗളൂരു പ്രദേശങ്ങളിൽ കാലിക്കച്ചവടക്കാരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ 
അതിനിടെ സമൂഹമാധ്യമങ്ങ.ളിലൂടെ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതായി ലോ ആൻഡ് ഓർഡർ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുണാങ്‌ഷു ഗിരി പറഞ്ഞു .ഇതുവരെ കലക്റ്റർ പരാതിയൊന്നും നൽകിയിട്ടില്ല. പരാതി കിട്ടിയാൽ അതടിസ്ഥാനത്തിലും ഇല്ലെങ്കിൽ പോലീസ് സ്വമേധയാലും കേസെടുത്ത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.




No comments