JHL

JHL

ബായാർ ആരോഗ്യകേന്ദ്രത്തിന് പുതിയ ബ്ലോക്ക് നിർമിക്കാൻ ഒന്നരക്കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി


കാസർകോട് (True News, July 23, 2020): കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്ന ബായാർ ആരോഗ്യകേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് നിർമാണത്തിന് ഭരണാനുമതിയായി. ഒന്നരക്കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപ നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്
ബാക്കി 1.40 കോടി രൂപ കാസർകോട് വികസന പാക്കേജിൽനിന്ന്‌ ലഭ്യമാകും. ഇരുനില കെട്ടിടത്തിൽ മൂന്ന് ഒ.പി മുറികൾ, രണ്ട് നിരീക്ഷണ മുറികൾ, ഡെന്റൽ ഒ.പി., പ്രത്യേക ഒ.പി., ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടർ, ഡ്രസ്സിങ്‌ റൂം, ലാബ്, മുലയൂട്ടാനുള്ള മുറി, ഫാർമസി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. പൊതുജനങ്ങളെയും കുട്ടികളെയും ഒ.പി. ബ്ലോക്കിലേക്ക് വരുന്ന രോഗികളിൽനിന്ന് അകറ്റിനിർത്താൻ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പബ്ലിക് ഹെൽത്ത് ഡിവിഷൻ എന്ന സംവിധാനം ക്രമീകരിക്കന്നുണ്ട്. മാലിന്യസംസ്കരണ സംവിധാനവും കെട്ടിടത്തോടൊപ്പം ഒരുക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷനായി. വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജമോഹൻ, കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ വി.പി. മുഹമ്മദ് മുനീർ, ഫിനാൻസ് ഓഫീസർ കെ. സതീശൻ എന്നിവർ സംബന്ധിച്ചു.


No comments