JHL

JHL

തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ പോലീസിനെ വെട്ടിച്ച് കടലിൽ ചാടിയ പോക്സോ കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല; കുളിമുറി ദൃശ്യം പകർത്തിയ മെബൈൽ കണ്ടെത്തി

കാസര്‍കോട്: തെളിവെടുപ്പിന് കസബ കടപ്പുറത്തേക്ക് കൊണ്ടുപോയപ്പോൾ പൊലീസിനെ തള്ളിമാറ്റി കടലില്‍ ചാടിയ പോക്‌സോകേസ്പ്രതിയെ ഇനിയും കണ്ടെത്തിയില്ല. . കൂഡ്‌ലു കാളിയങ്കാട്ടെ മഹേഷ്(29) ആണ് കഴിഞ്ഞ ദിവസം  രാവിലെ ഒമ്പതുമണിയോടെ പോക്‌സോ കേസിലെ തെളിവെടുപ്പിനിടെ കാസര്‍കോട് കസബ ഹാര്‍ബറിന് സമീപം പുലിമുട്ടില്‍ നിന്ന് കടലില്‍ ചാടിയത്. മഹേഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് പരിക്കേറ്റ കാസര്‍കോട് എസ്.ഐ യു.പി വിപിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദും കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. മഹേഷിനെ വ്യാഴാഴ്ച  രാവിലെ പൊലീസ് ജീപ്പില്‍ എസ്.ഐ വിപിനും സംഘവും തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസുകാരെ തള്ളിയിട്ട് ജീപ്പില്‍ നിന്ന് ഇറങ്ങിയോടുകയും കടലില്‍ ചാടുകയുമായിരുന്നു. മഹേഷ് പ്രതിയായ പോക്‌സോ കേസ് അന്വേഷിക്കുന്നത് ക്രൈംഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി സതീഷാണ്. തെളിവെടുപ്പിനിടെ രക്ഷപ്പെട്ട് കടലില്‍ ചാടിയതിന് മഹേഷിനെതിരെ 225(ബി) വകുപ്പ് പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി അസിനാര്‍ ആണ് ഈ കേസ് അന്വേഷിക്കുന്നത്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന പരാതിയിലാണ് മഹേഷിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനായി കൊണ്ടുപോകുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മഹേഷ് ഹാര്‍ബറിലെത്തി ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ കടലില്‍ കളഞ്ഞുപോയിരുന്നു. ഈ ഫോണ്‍ കണ്ടെടുക്കാനാണ് മഹേഷിനെ പൊലീസ് ഹാര്‍ബറില്‍ എത്തിച്ചിരുന്നത്. മഹേഷിനെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്‌സും ഇന്നലെ വൈകിട്ട് വരെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചില്‍ ഇന്നും തുടരുകയാണ്. അതേ സമയം പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ തിരച്ചിലിനിടെ കണ്ടെത്തി. ഫോണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ് വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക്കിന് കൈമാറി.


No comments