JHL

JHL

കുടകിൽ ഉരുൾപൊട്ടലിൽ കാണാതായവരിൽ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കാസറഗോഡ് സ്വദേശിയായ ക്ഷേത്ര പൂജാരിയും




മടിക്കേരി (True News, Aug 7,2020): കുടകിൽ തലക്കാവേരി  ബ്രഹ്മഗിരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളും കാസറഗോഡ് സ്വദേശിയായ ക്ഷേത്ര പൂജാരിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. മണ്ണിടിച്ചിലിൽ  രണ്ടുവീടുകൾ പൂർണമായും തകർന്നു. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളിൽ ഒരാളായ നാരായണ ആചാർ (75),ഭാര്യ ശാന്താ ആചാർ (70), നാരായണ ആചാറുടെ സഹോദരൻ സ്വാമി ആനന്ദ തീർഥ (78), തലക്കാവേരി ക്ഷേത്രത്തിലെ മറ്റ് രണ്ട് ക്ഷേത്ര പൂജാരികളായ രവി കിരൺ (30), കാസറഗോഡ് അടൂർ കയത്തിമൂലയിലെ സ്വദേശിയായ ശ്രീനിവാസ പതിലായ  എന്നിവരെയാണ് കാണാതായത്. ഇതിൽ രവികിരൺ ഒരുമാസം മുൻപാണ് ക്ഷേത്രത്തിൽ പൂജാരിയായി എത്തിയത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ തലക്കാവേരി ക്ഷേത്രത്തിന്റെ താഴ്‌വാരത്തായിരുന്നു അപകടം.
ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ വ്യാഴാഴ്ചരാവിലെ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്. കുന്നിടിഞ്ഞ് കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലിൽ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്. ദുരന്തനിവാരണ സേനയും പോലീസും നാട്ടുകാരും ചേർന്ന് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെമുതൽ തിരച്ചിൽ തുടങ്ങിയിരുന്നെങ്കിലും കനത്തമഴയിൽ തടസ്സപ്പെട്ടു. ഇതിനിടെ ത്രിവേണി സംഗമത്തിൽ വെള്ളം ഉയർന്ന് ഭാഗമണ്ഡല ടൗണിലേക്കും എത്തിയതോടെ മണ്ണുമാന്തി യന്ത്രത്തിനും വാഹനങ്ങൾക്കും അപകടസ്ഥലത്തേക്ക് പോകാൻ കഴിയാത്തതിനാൽ തിരച്ചിൽ വൈകുന്നേരത്തോടെ നിർത്തിവെച്ചു. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടരും. നാരായണ ആചാറിന്റെ വീട്ടിലെ 20 പശുക്കൾ, രണ്ട് വാഹനങ്ങൾ എന്നിവയും എന്നിവയും മണ്ണിനടിയിൽപ്പെട്ടതായി കരുതുന്നു. ബ്രഹ്മഗിരി മലയിൽ തലക്കാവേരി ക്ഷേത്രത്തിനു സമീപമാണ് ഉരുൾപൊട്ടലുണ്ടാത്. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമാണ് ഇവിടം. സ്ഥലം എം.എൽ.എ. കെ.ജി. ബൊപ്പയ്യ, കുടക് ഡെപ്യൂട്ടി കമ്മിഷണർ ആനീസ് കൺമണി ജോയി, ജില്ലാ പോലീസ് സൂപ്രണ്ട് ക്ഷമ മിശ്ര എന്നിവർ രക്ഷാപ്രവർത്തനത്തിന്നേതൃത്വം നൽകുന്നു.




No comments