JHL

JHL

‘ദിർഹം’ നൽകി തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ.

തൃക്കരിപ്പൂർ(www.truenewsmalayalam.com) : ദിർഹമാണെന്നു വിശ്വസിപ്പിച്ച് കടലാസ് കെട്ടുകൾ  നൽകി 5 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാളെ  കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് അഹമ്മദാബാദിലെ ജുവൽ അലി( ഡോളിൻ ശിക്ദർ 33) ആണ്  ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന ചന്തേര പൊലീസ് സംഘത്തിന്റെ പിടിയിലായത്.  പൊലീസ് പിന്തുടരുന്നതായി മനസ്സിലാക്കിയ ജുവൽ അലി ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂരിൽ പിടിക്കപ്പെടുകയായിരുന്നു. സംഘത്തിലെ ചിലർ കൂടി വലയിലായതായി സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ജാർഖണ്ഡ് സ്വദേശി ഫറൂഖ് ഷെയ്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനാണ് ഫറൂഖെന്നു കണ്ടെത്തിയിട്ടുണ്ട്.  പയ്യന്നൂർ പെരുമ്പക്കടുത്ത് കോറോം റോഡിൽ വാടക വീട്ടിൽ താമസിച്ച് തട്ടിപ്പും പിടിച്ചുപറിയും നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായ ചെറുവത്തൂർ കാടങ്കോട് നെല്ലിക്കാലിലെ ഓട്ടോറിക്ഷാ ഡ്രൈവർ പി.ഹനീഫ, തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ഫറൂഖിനെ തിരിച്ചറിഞ്ഞു. 

നിർമാണ തൊഴിൽ മറയാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിൽ അന്തർ സംസ്ഥാന കുറ്റവാളികൾ ഉൾപ്പെടെ അഞ്ചിൽ പരം പേർ ഉള്ളതായി സൂചനയുണ്ട്. 2 പേരെ വലയിലാക്കാൻ കഴിഞ്ഞതോടെ സംഘാംഗങ്ങളെ മുഴുവൻ പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. ചന്തേര എസ്ഐ എം.വി.ശ്രീദാസിന്റെ നേതൃത്വത്തിൽ  പഴുതടച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെ കുടുക്കാനായത്. കർണാടകത്തിലും കണ്ണൂർ–കാസർകോട് ജില്ലകളിലും ഡിജിറ്റൽ തെളിവുകളോടെ അരിച്ചു പെറുക്കി.

എറണാകുളം ജില്ലയിൽ അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ തട്ടിപ്പ് സംഘത്തിന് വേരുകളുണ്ട്. ഇതര സംസ്ഥാനക്കാരായ കൊടും കുറ്റവാളികൾ ഉൾപ്പെടെ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണിത്. പൊലീസ് പിടിയിലായ സംഘം തട്ടിപ്പ് നടത്താൻ പല മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്. തട്ടിച്ചെടുത്തു കിട്ടിയ പണത്തിൽ നിന്നു നല്ലൊരു പങ്ക് ആർഭാടമായി ജീവിക്കാൻ ഉപയോഗിക്കും. പയ്യന്നൂരിൽ അടക്കം ഇവരുടെ തട്ടിപ്പിന് ഇരയായ കൂടുതൽ പേർ ഉണ്ടെന്ന വിവരമുണ്ട്.

ബാങ്കിൽ നിക്ഷേപിച്ച തുക മരവിപ്പിക്കാൻ നിർദേശം 

ദിർഹത്തിന്റെ പേരിൽ 5 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന്റെ പ്രധാന സൂത്രധാരൻ ജാർഖണ്ഡ് സ്വദേശി ഫറൂഖ് ഷെയ്ക് ബാങ്കിൽ നിക്ഷേപിച്ച മൂന്നര ലക്ഷം രൂപ മരവിപ്പിക്കുന്നതിനു ബാങ്കിനു നിർദേശം നൽകിയതായി കേസ് അന്വേഷിക്കുന്ന ചന്തേര പൊലീസ് അറിയിച്ചു.ഫറൂഖുമായി ബന്ധപ്പെട്ട വിവര പരിശോധനയിലാണ് ബാങ്കിൽ പണം നിക്ഷേപിച്ച കാര്യം വ്യക്തമായത്. മറ്റു ജില്ലകളിൽ ഫറൂഖ് ഷെയ്കിന്റെ പേരിൽ പൊലീസ് കേസുള്ളതായും അറിയിച്ചു.

ഇന്നലെ പിടികൂടിയ ജുവൻ അലിയിൽ നിന്നു 15,000 രൂപയും  യുഎഇ ദിർഹവും അന്വേഷണ സംഘം കണ്ടെടുത്തു. പെയ്ന്റിങ് തൊഴിലാളിയായ ജുവൻ അലി ഗുജറാത്ത് സ്വദേശിയാണ്. നിലവിൽ ബംഗാളിൽ  താമസക്കാരനാണ്. സംഭവത്തിൽ ഒരു പ്രതിയെ കൂടി പിടി കിട്ടാനുണ്ടെന്നു പൊലീസ് അറിയിച്ചു.





No comments