JHL

JHL

പൊസൊഡി ഗുംപേയെയും ഷിറിയാ അണക്കെട്ടും ബന്ധിപ്പിക്കാൻ പാലം; ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

പുത്തിഗെ(www.truenewsmalayalam.com) : പൊസൊഡി ഗുംപേയെയും ഷിറിയാ അണക്കെട്ടിനെയും ബന്ധിപ്പിക്കാൻ ഷിറിയ പുഴയിൽ പാലം നിർമിക്കണമെന്ന് ആവശ്യം. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.ഷിറിയ അണക്കെട്ടും സമീപ പ്രദേശങ്ങളും മിനി ടുറിസ്റ്റ് കേന്ദ്രമാക്കുന്നതിന് പൈവളിഗെ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊസൊഡി ഗുംപെയിൽ നിന്നു 5 കിലോമീറ്റർ ദൂരമുള്ള പുത്തിഗെ പ‍ഞ്ചായത്തിലെ ഷിറിയ അണക്കെട്ടിലെത്താൻ ഷിറിയ പുഴയിൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുബ്ബണ്ണ ആൾവ മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനു നിവേദനം നൽകിയിരുന്നു. 2.35 കോടി രൂപ ചെലവിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഇതു നവീകരിക്കുന്നതിനു ഭരണാനുമതി ആയിട്ടുണ്ട്.

മന്ത്രിയുടെ നിർദേശ പ്രകാരം ജില്ലാ ബ്രിജസ് വിഭാഗം എഇ എം.ബെന്നി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ഡി.സുബ്ബണ്ണ ആൾവ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അണക്കെട്ടും പരിസര പ്രദേശങ്ങളും സന്ദർശിച്ചത്. 120 മീറ്റർ നീളമുള്ള പാലമാണ് ഇവിടെ നിർമിക്കേണ്ടതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. 15 കോടിയോളം രൂപ ഇതിനു ചെലവു വരും. പൊസൊഡി ഗുംപെ വിനോദസഞ്ചാര കേന്ദ്രമായതോടെ ഇതിന്റെ വികസനത്തിനു ഒട്ടേറെ പദ്ധതികൾ ജില്ലാ ടൂറിസം വകുപ്പു നടപ്പിലാക്കുന്നുണ്ട്. അടുത്തകാലത്തായി ഷിറിയ അണക്കെട്ടു കാണാനും സഞ്ചാരികളെത്തുന്നു.

ഈ 2 കേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിച്ചാൽ ഇരു സ്ഥലങ്ങളിലേക്കും ആളുകളെത്തും. കർണാടകയിലെ പുത്തൂർ, വിട്ള, മംഗളുരു ഭാഗങ്ങളിലുള്ളവർക്ക് എത്തുന്നതിനും സൗകര്യമാകും. ധർമത്തടുക്ക, പൈവളിഗെ, ബായാർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജുകളിലേക്കും ഇതു വഴി പോകാം.പാർക്ക് നിർമിക്കാൻ സാധ്യതയുള്ള വെള്ളക്കെട്ടായ അനാദിപള്ളം ജലസംരക്ഷണ സ്ഥലത്തും സമീപത്തെ അനന്തപുരം ക്ഷേത്രത്തിലേക്കും കർണാടകയിൽ നിന്നു പോലും ആളുകൾ എത്തുന്നുണ്ട്. ഇവർക്കുള്ള വിശ്രമമുറികൾ, ഭക്ഷണശാലകൾ എന്നിവയും സ്ഥാപിക്കാനാകും. ധർമത്തടുക്ക, ബാഡൂർ എന്നിവയെ ബന്ധിപ്പിക്കുന്ന തൂക്കു പാലവും പുത്തിഗെ പഞ്ചായത്തിലുണ്ട്.





No comments