JHL

JHL

വഖഫ് ബോര്‍ഡ് സി.ഇ.ഓ അഡ്വക്കറ്റ് ജമാലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ.

ഡൽഹി(www.truenewsmalayalam.com) : കേരള വഖഫ് ബോര്‍ഡ് സി.ഇ.ഓ ആയി തുടരാന്‍ മുഹമ്മദ് ജമാലിന് അവകാശമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. നിലവിലെ ചട്ടങ്ങള്‍ പ്രകാരം 56 വയസ് കഴിഞ്ഞതിനാല്‍ ജമാല്‍ വിരമിക്കണം എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ സി.ഇ.ഓ സ്ഥാനത്ത് തുടരാന്‍ ജമാലിനെ അനുവദിക്കുന്ന സ്റ്റേ ഉത്തരവ് അടിയന്തരമായി നീക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

2000-ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡിന്റെ സി.ഇ.ഓ ആയി നിയമിതനായ മുഹമ്മദ് ജമാലിന് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 

2020-ലെ സംസ്ഥാന വഖഫ് ഭേദഗതി ചട്ടങ്ങള്‍ പ്രകാരം കേരള വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ വിരമിക്കല്‍ പ്രായം 56 ആണ്. കഴിഞ്ഞ വര്‍ഷം 56 വയസ്സ് കഴിഞ്ഞതിനാല്‍ ജമാലിന് ബോര്‍ഡിന്റെ സി.ഇ.ഓ ആയി തുടരാന്‍ അര്‍ഹതയില്ല എന്നാണ് സര്‍ക്കാരിന്റെ വാദം.

1995 ലെ വഖഫ് നിയമ പ്രകാരം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ സേവന വേതന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ചട്ടം രൂപീകരിക്കാന്‍ സര്‍ക്കാരിനാണ് അധികാരം. വിരമിക്കല്‍ പ്രായം നിശ്ചയിക്കുന്നത് തൊഴില്‍ ദാതാവിന്റെ നയപരമായ അധികാരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ കേരള വഖഫ് ബോര്‍ഡും സുപ്രീം കോടതിയില്‍ പിന്താങ്ങി.

പുതിയ സി.ഇ.ഓയെ നിയമിക്കുന്നതിന് സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ നീക്കണമെന്ന് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു എങ്കിലും കോടതി അതിന് തയ്യാറായിട്ടില്ല. ആറ് ആഴ്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കാം എന്ന് കോടതി വ്യക്തമാക്കി.





No comments