JHL

JHL

എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റ സംഭവം: നാല് പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

കുമ്പള (www.truenewsmalayalam.com):കഴിഞ്ഞ ദിവസം കുമ്പളയിൽ  എസ് ഡി പി ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം നാല് പേർക്കെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തു.നേരത്തെ കൊലപാതക  കേസിലെ പ്രതിയായിരുന്ന  ബാസിത്, അനിൽ, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.

ആരിക്കാടി കടവത്തെ ഇബ്രാഹിമി​ൻ്റെ മകനും മത്സ്യത്തൊഴിലാളിയുമായ സൈനുദ്ദീനെ (30) ആണ് കുത്തേറ്റ നിലയിൽ മംഗളൂരുവിലെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

2015 ൽ കുമ്പള ടൗണിൽ വെച്ച് സുനാമി കോളനിയിലെ ശാകിറിനെ ഫുട്ബോൾ കളിയുമായുണ്ടായ പ്രശ്നത്തിൻ്റെ പേരിൽ കുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ബാസിത്. തിങ്കളാഴ്ച സന്ധ്യക്ക്​ ഏഴു മണിയോടെ കൊടിയമ്മയിലാണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ നാലംഗ സംഘത്തിലെ കൊലക്കേസ് പ്രതിയായ ബാസിത് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുമ്പള എസ് ഐ വികെ അനീഷി​ൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

അപകടനില തരണം ചെയ്തിട്ടുണ്ട് സൈനുദ്ധീനെ  അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവർത്തകർ കുമ്പള ടൗണിൽ പ്രകടനം നടത്തി.


No comments