JHL

JHL

ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജറിനു മുന്നിൽ പരാതിക്കെട്ടുകളുമായി ജനപ്രതിനിധികളും വിവിധ സംഘടനകളും.


കാസർകോട് ∙ ജില്ലയിൽ ആദ്യമായി എത്തിയ ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിനു മുന്നിൽ പരാതിക്കെട്ടുകളുമായി ജനപ്രതിനിധികളും വിവിധ സംഘടനകളും. വർഷങ്ങളായി ജില്ലയിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന ദുരിതകഥകൾ ജനറൽ മാനേജരുടെ മുൻപാകെ ആളുകൾ വിവരിച്ചു.

ജില്ലയിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകളിലും ഓർഡിനറി ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവ അനുവദിക്കണമെന്നും തൃശൂർ മുതൽ കണ്ണൂർ വരെ ഓടുന്ന മെമു മംഗളൂരു വരെ നീട്ടണമെന്നും കോവിഡിനെത്തുടർന്നു നിർത്തിയ ചെറുവത്തൂർ പാസഞ്ചർ പുനരാരംഭിക്കണമെന്നും ആയിരുന്നു പ്രധാന ആവശ്യങ്ങൾ. 

അനുകൂല നടപടിയുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. കണ്ണൂർ-മംഗളൂരു പാസഞ്ചറിന്റെ സമയം മാറ്റി 4.30ന് മംഗളൂരുവിൽ നിന്നാരംഭിക്കുക, മാവേലി എക്‌സ്പ്രസും പാസഞ്ചറും തമ്മിലുള്ള സമയക്രമീകരണത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും റെയിൽവേ മാനേജരുടെ മുൻപാകെ ബോധിപ്പിച്ചു.

കാസർകോട് റെയിൽവേ സ്റ്റേഷനിൽ ചുരുങ്ങിയ സമയം മാത്രമാണു ജനറൽ മാനേജർ ചെലവഴിച്ചത്. എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനറൽ മാനേജരെ സ്വീകരിച്ചു. കാസർകോട് സ്‌റ്റേഷൻ പരിസരം അദ്ദേഹം സന്ദർശിച്ചു. 

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എ.കെ.എം.അഷ്‌റഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭാധ്യക്ഷൻ വി.എം.മുനീർ എന്നിവരുടെ നിവേദനങ്ങൾ ജിഎമ്മിനു സമർപ്പിച്ചു. പി.കരുണാകരൻ, സുബ്രഹ്മണ്യ മാന്യ, നാസർ, പ്രഫ. വി.ഗോപിനാഥ്, നാഗരാജ എന്നിവരും ജനറൽ മാനേജരെ സ്വീകരിക്കാൻ ഉണ്ടായിരുന്നു.





No comments