JHL

JHL

ഡിസംബർ 30 മുതൽ ജനുവരി രണ്ട്​ വരെ കേരളത്തിൽ രാത്രികാല നിയന്ത്രണങ്ങൾ.

തിരുവനന്തപുരം(www.truenewsmalayalam.com) : നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി രണ്ട്​ വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രാത്രി 10 മുതൽ രാവിലെ അഞ്ച്​ വരെയാണ്​ നിയന്ത്രണം.

പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റെസ്‌റ്റോറന്‍റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ജില്ല കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

സംസ്‌ഥാനത്തു 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്‌സിനും 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

കോവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്. ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത്​ ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.

കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്നും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി മൂന്ന്​ മുതൽ വാക്സിൻ നൽകാൻ നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.





No comments