JHL

JHL

സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് എ.കെ.ജി മന്ദിരം ഉദ്ഘാടനം നാളെ.

കാസര്‍കോട്(www.truenewsmalayalam.com) : സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് എ.കെ.ജി മന്ദിരം ഉദ്ഘാടനം നാളെ, നാളെ വൈകീട്ട് മൂന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ സ്വാഗതം പറയും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവന്‍ ചരിത്രശില്‍പ അനാച്ഛാദനവും പി. കരുണാകരന്‍ സി. കൃഷ്ണന്‍ നായര്‍ സ്മാരക ഹാള്‍ ഉദ്ഘാടനവും ഇ.പി ജയരാജന്‍ സാമൂഹ്യ ചിത്ര അനാച്ഛാദനവും നിര്‍വ്വഹിക്കും. മന്ത്രി എം.വി ഗോവിന്ദന്‍ മീഡിയ റൂം ഉദ്ഘാടനവും പി.കെ ശ്രീമതി ടീച്ചര്‍ ഗ്രന്ഥാലയ ഉദ്ഘാടനവും കെ.കെ ശൈലജ ഫോട്ടോ അനാച്ഛാദനവും നിര്‍വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും.

സി.പി.എമ്മിന്റെ ജില്ലയിലെ വളര്‍ച്ച വിളിച്ചോതുന്നതാണ് ജില്ലാ കമ്മിറ്റി ഓഫീസ്. നേരത്തെ വിദ്യാനഗര്‍ ബി.സി റോഡില്‍ മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന്റെ മുന്‍ ഭാഗം ദേശീയപാത വികസനത്തിനായി വിട്ടുകൊടുക്കുന്നതിന്റെ സാഹചര്യത്തിലാണ് പുതിയ ഓഫീസിന് വഴിയൊരുങ്ങിയത്.

 നേരത്തെയുണ്ടായിരുന്ന 23 സെന്റ് സ്ഥലംവില്‍പന നടത്തിയും ബ്രാഞ്ചുകള്‍ മുഖേന ഫണ്ട് സമാഹരിച്ചുമാണ് പുതിയ ഓഫീസ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.

2019 ഫെബ്രുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്. രണ്ട് വര്‍ഷം പൂര്‍ത്തിയാകുംമുമ്പേയാണ് മനോഹരമായ, വിശാലമായ രീതിയില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഓഫീസ് കെട്ടിടം പൂര്‍ത്തിയാകുന്നത്.

 വിശാലമായ വായനാമൂറി, സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരാനുള്ള പ്രത്യേക ഹാള്‍, മിനി മീറ്റിംഗ് ഹാള്‍, കാബിനറ്റ് അംഗങ്ങള്‍ക്കുള്ള പ്രത്യേക കാബിന്‍, ലൈബ്രറി, മീഡിയ റൂം, ഫയല്‍ റൂം, ഡൈനിംഗ് ഹാള്‍, ഡോര്‍മെറ്ററി, വിശാലമായ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് ഏരിയ, അതിഥി മുറി, മൂന്നാംനിലയില്‍ ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, എസ്.എഫ്.ഐ, ബാല സംഘങ്ങള്‍ക്കുള്ള ഓഫീസുകളും മീറ്റിംഗ് ഹാളും തുടങ്ങിയവയൊക്കെ എ.കെ.ജി മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വിട പറഞ്ഞ പ്രമുഖ നേതാക്കളുടെ ചിത്രങ്ങള്‍ ചുമരില്‍ അനാച്ഛാദനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ചുമര്‍ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി ഓഫീസും പരിസരവും ചെമ്പട്ടണിഞ്ഞിരിക്കുകയാണ്.





No comments