JHL

JHL

പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു; മൃതദേഹം കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ ദഹിപ്പിക്കും.

കൊച്ചി(www.truenewsmalayalam.com) : അന്തരിച്ച പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഒരു മാസം മുമ്പ് എഴുതിയ അന്ത്യാഭിലാഷക്കുറിപ്പ് പ്രകാരമായിരിക്കും പി.ടി തോമസിന്റെ അന്ത്യകര്‍മങ്ങള്‍.  മൃതദേഹം കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍   ദഹിപ്പിക്കണമെന്ന് പി.ടി.തോമസ് എഴുതിവച്ചിരുന്നു.

 ചിതാഭസ്മത്തിന്റെ ഒരുഭാഗം ഇടുക്കിയിലെ ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം.  അന്ത്യോപചാരസമയത്ത് വയലാറിന്റെ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' എന്ന പാട്ട് കേള്‍പിക്കണം.   മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത്  എന്നിങ്ങനെയാണ് കുറിപ്പിലുളളത്.  ഇതനുസരിച്ചാകും സംസ്കാരം. മൃതദേഹം ഇന്നു  രാത്രി ഇടുക്കി ഉപ്പുതോട്ടെ വീട്ടിലെത്തിക്കും.

 രാവിലെ ആറുമണിയോടെ പാലാരിവട്ടത്തെ വീട്ടിലും തുടര്‍ന്ന് ഏഴുമണിമുതല്‍  കൊച്ചി ഡിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും.  എട്ടരയോടെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിക്കും. രാഹുല്‍ ഗാന്ധി ഉള്‍പെടെയുളളവര്‍ ടൗണ്‍ ഹാളിലെത്തി ആദരാഞ്ജലി അര്‍പിക്കും.  വൈകിട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. 

അര്‍ബുദത്തെതുടര്‍ന്ന് വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ  രാവിലെ പത്തേകാലോടെയായിരുന്നു പി.ടി തോമസിന്റെ അന്ത്യം. എഴുപത്തിയൊന്ന് വയസായിരുന്നു.  കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായിരുന്നു. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. ഒരുതവണ ഇടുക്കിയില്‍ നിന്ന് ലോക്സഭാംഗമായി. കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു.





No comments