JHL

JHL

പി.ടി തോമസ് അന്തരിച്ചു.

കൊച്ചി(www.truenewsmalayalam.com) : മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് (70) അന്തരിച്ചു. രാവിലെ 10.15ഒാടെ വെല്ലൂർ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

നിലവിൽ കോൺഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തൊടുപുഴയിൽ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. ഇടുക്കി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി തോമസ്, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗമാണ്.

1950 ഡിസംബർ 12ന് ഇടുക്കി ഉപ്പുതോട് പുതിയാപറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും അഞ്ച് മക്കളിൽ നാലാമനായി ജനിച്ചു. പാറത്തോട് സെന്‍റ് ജോർജ് ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ്, തൊടുപുഴ ന്യൂമാൻസ്, എറണാകുളം മഹാരാജാസ്, കോഴിക്കോട്–എറണാകുളം ലോ കോളജുകൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, കേരള സർവകലാശാല സെനറ്റ് അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 90ൽ വാത്തിക്കുടി ഡിവിഷനിൽ നിന്ന് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1991ലും 2001ലും തൊടുപുഴ എം.എൽ.എയും 2009ൽ ഇടുക്കി എം.പിയുമായി. മികച്ച എം.എൽ.എക്കുള്ള അബൂദാബി വീക്ഷണം റീഡേഴ്സ് ഫോറത്തിന്‍റെ സി.പി. ശ്രീധരൻ അവാർഡ്, കുവൈത്ത് സി.എം. സ്റ്റീഫൻ കൾച്ചറൽ ഫോറം അവാർഡ്, തൃപ്രയാർ വെൽഫെയർ സൊസൈറ്റിയുടെ വി.കെ. ഗോപിനാഥൻ മാസ്റ്റർ പുരസ്കാരം തുടങ്ങിയവ ലഭിച്ചു.

ഒമ്പത് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച കേരളത്തിലെ മികച്ച പാർലമെന്‍റേറിയന്മാരിൽ ഒരാളാണ്. ഗ്രന്ഥശാല പ്രവർത്തനം നടത്തുന്ന 'മാനവ സംസ്കൃതി'യുടെ ചെയർമാനാണ്. 'വലിച്ചെറിയാത്ത വാക്കുകൾ', 'എ.ഡി.ബിയും പ്രത്യയശാസ്ത്ര ശാഠ്യങ്ങളും' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ, മക്കൾ തോമസ്: വിഷ്ണു തോമസ്, വിവേക് തോമസ്.





No comments