JHL

JHL

മഹാത്മ കോളേജ് സ്ഥാപക പ്രിൻസിപ്പാളും കുമ്പള ജി.എസ്.ബി.എസ് മുൻ അധ്യാപകനുമായിരുന്ന ജയചന്ദ്രൻ അപകടത്തിൽ മരിച്ചു.

കുമ്പള(www.truenewsmalayalam.com) : മഹാത്മ കോളേജ് സ്ഥാപക പ്രിൻസിപ്പാളും കുമ്പള ജി.എസ്.ബി.എസ് മുൻ അധ്യാപകനുമായിരുന്ന കണ്ണൂർ ബ്ലാത്തൂർ സ്വദേശി ജയചന്ദ്രൻ(49) നിര്യാതനായി.

     ബുധനാഴ്ച രാവിലെ ശ്രീകണ്ഠപുരം കോട്ടൂരിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുന്നതിന് ബസ് കയറാൻ റോഡിലേക്കിറങ്ങവെ അമിതവേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ചാണ് അപകടം. റോഡിലേക്ക് തലയടിച്ചു വീണ് ബോധം നഷ്ടപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

1996 മുതൽ കാസറഗോഡ് മൊഗ്രാൽ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രവർത്തനം ആരംഭിച്ച ജയചന്ദ്രന്റെ നേതൃത്വത്തിൽ ഏതാനും സുഹൃത്തുക്കളും ചേർന്ന് മഹാത്മ കോളേജ് എന്ന പേരിൽ ട്യൂഷൻ സെന്റർ ആരംഭിച്ചിരുന്നു. ഇന്ന് കാസറഗോഡിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉന്നതിയിലെത്തി നിൽക്കുന്ന കുമ്പള മഹാത്മ കോളേജിന്റെ തുടക്കമായിരുന്നു അത്. പിന്നീട് വളരെക്കാലം എസ്സ ഇംഗ്ലീഷ് സ്കൂളിൽ അധ്യാപക വൃത്തിയിലേർപ്പെട്ടു. ശേഷം സർക്കാർ സ്കൂളിൽ അധ്യാപകനായി സ്ഥിര നിയമനം നേടി. വർഷങ്ങളോളം കുമ്പള ജി.എസ്.ബി.എസിൽ അധ്യാപകനായിരുന്നു. 

സൗമ്യതയോടും വൃത്തിബോധത്തോടും കൂടിയ ചിട്ടയായ ജീവിതവും നിഷ്കളങ്കപെരുമാറ്റവും കുട്ടികൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കി.

   നിലവിൽ ഇരിക്കൂർ ഗവ. ഹൈസ്കൂൾ പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

        വ്യാഴാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ജന്മദേശമായ ബ്ലാത്തൂരിലേക്ക് കൊണ്ടു പോകും. ഇവിടെയും ഇരിക്കൂറിൽ നിലവിൽ ജോലി ചെയ്യുന്ന സ്കൂളിലും  പൊതുദർശനത്തിന് വച്ച ശേഷം കോട്ടൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം മറവു ചെയ്യും.

      ജയചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ കുമ്പള മഹാത്മ കോളേജ് മാനേജിങ് ഡയറക്ടറും പ്രിൻസിപ്പാളുമായ കെ.എം.എ. സത്താർ, മുൻ ഡയറക്ടറും നിലവിലെ വൈസ് പ്രിൻസിപ്പാളുമായ അബ്ദുൽ ലത്തീഫ് ഉളുവാർ,  നാട്ടുകാരനും, നാടകകൃത്തും സാഹിത്യകാരനും അധ്യാപകനുമായ പത്മനാഭൻ ബ്ലാത്തൂർ എന്നിവർ അനുശോചനം അറിയിച്ചു.





No comments