JHL

JHL

മത്സ്യബന്ധനത്തിനിടെ കടലിൽ വീണ തൊഴിലാളി 30 മണിക്കൂറിലേറെ നടുക്കടലിൽ

കാസർകോട്(www.truenewsmalayalam.com) : മത്സ്യബന്ധനത്തിനിടെ കടലിൽ വീണു തൊഴിലാളി 30 മണിക്കൂറിലേറെ നടുക്കടലിൽ കുടുങ്ങി. ഒടുവിൽ കീഴൂരിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികൾ രക്ഷകരായതോടെ പുതുജീവിതത്തിലേക്കു മടങ്ങി.  തമിഴ്‌നാട് രാമനാഥപുരം സ്വദേശി ജോസഫി(51)നാണു ജീവൻ തിരിച്ചു കിട്ടിയത്. മംഗളൂരുവിൽ നിന്നു ഡിസംബർ 31നു പുറപ്പെട്ട മത്സ്യബന്ധന ബോട്ടിലെ 8 പേരടങ്ങുന്ന സംഘത്തിലെ അംഗമായിരുന്നു ജോസഫ്. വ്യാഴാഴ്ച പുലർച്ചെ 2നു വല വിരിച്ച ശേഷം ബോട്ടിൽ വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഇതിനിടെയാണു ജോസഫിനെ കാണാതായ വിവരം സഹപ്രവർത്തകർ അറിയുന്നത്. കരയിൽ നിന്ന് 36 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം.
അന്നു പകൽ 11 വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നു ബോട്ട് ഉടമയെ അറിയിച്ചതിനു ശേഷം മംഗളൂരുവിലെ തീരദേശ പൊലീസിലും പാണ്ഡേശ്വരം പൊലീസിലും പരാതി നൽക്കുകയായിരുന്നു. ഇന്നലെ മത്സ്യബന്ധനത്തിനായി കടലിലെത്തിയ കീഴൂർ കടപ്പുറത്തെ ദിനേശനും സുരേഷും സൈനനും വലയെറിഞ്ഞു തുടങ്ങിയപ്പോഴാണ് ഒരു വസ്തു നീങ്ങുന്നതായി ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. വെളുത്ത നിറമായതിനാൽ മനുഷ്യശരീരമാണെന്നതു മത്സ്യത്തൊഴിലാളികൾക്കും ആദ്യം മനസിലായിരുന്നില്ല. ആളെ കണ്ടതോടെ തൊഴിലാളികൾ ജോസഫിനെ ബോട്ടിൽ കയറ്റി രാവിലെ ഒൻപതോടെ തളങ്കര പഴയ ഹർബറിലെത്തി. തുടർന്നു തളങ്കര തീരദേശ  പൊലീസിനു കൈമാറി. 

സബ് ഇൻസ്‌പെക്ടർ ബേബി ജോർജ്, സിവിൽ പൊലീസ് ഓഫിസർമാരായ സിയാദ്, വസന്തകുമാർ, ജോസഫ്, കോസ്റ്റൽ ഗാർഡൻ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു ജോസഫിനെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചത്. കടലിൽ നിന്നു ലഭിക്കുമ്പോൾ പൂർണ നഗ്നനായിരുന്നു ജോസഫ്. കീഴൂരിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികൾ അവരുടെ വസ്ത്രം ജോസഫിനു നൽകി. ബോധം വന്നപ്പോൾ നാട്ടിലുള്ള ഭാര്യയുടെ നമ്പർ പൊലീസിനു കൈമാറിയതോടെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.

ഇതിനിടെ ബോട്ടുടമ മംഗളൂരുവിൽ നിന്നു കാസർകോടെത്തി പൊലീസിൽ മൊഴി നൽകി. ചികിത്സയിൽ കഴിയുന്ന ജോസഫിന്റെ ആരോഗ്യ സ്ഥിതി അനുകൂലമാകുന്ന അവസരത്തിൽ വിശദ മൊഴി രേഖപ്പെടുത്തുമെന്നു തീരേദശ പൊലീസ് അറിയിച്ചു. എന്നാൽ പരസ്പര വിരുദ്ധമായിട്ടാണു പലപ്പോഴായി ജോസഫ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.





No comments