JHL

JHL

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മൊബൈല്‍ ടെസ്റ്റിംഗ് ലബോറട്ടറി സേവനം സൗജന്യമാക്കണം; പി.ഡി.പി.

കാസര്‍കോട്(www.truenewsmalayalam.com) : കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ കോമ്പൗണ്ടിനകത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ടെസ്റ്റിനെത്തുന്ന രോഗികളോട് 400 രൂപ വാങ്ങുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണ്.
ഇതേ ഹോസ്പിറ്റലില്‍ മറ്റൊരിടത്ത് സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് ലഭിക്കാന്‍ മൂന്ന് ദിവസം വരെ വെച്ച് താമസിപ്പിക്കുന്നു. എന്നാല്‍ കോമ്പൗണ്ടിനകത്ത് പണം വാങ്ങി അന്നേ ദിവസം തന്നെ റിസല്‍ട്ട് ലഭിക്കുന്ന മൊബൈല്‍ ടെസ്റ്റിംഗ് സംവിധാനത്തിലൂടെ ജനറല്‍ ഹോസ്പിറ്റലിനെ കച്ചവടവല്‍ക്കരിച്ചിരിക്കുകയാണ്.

പണമില്ലാത്തവര്‍ക്ക് മൂന്ന് ദിവസവും പണമുള്ളവര്‍ക്ക് ഉടനെയും റിപ്പോര്‍ട്ട് കിട്ടുന്ന രണ്ട് തരം കേന്ദ്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.  ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  ധര്‍മ്മാസ്പത്രിയെന്ന പേരും പ്രൈവറ്റ് ഹോസ്പിറ്റലിനേക്കാള്‍ കൊള്ള താല്‍പര്യവുമാണ് ഇവിടെ നടക്കുന്നത്. 

 കര്‍ണാടകയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും അതിര്‍ത്തി അടക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയിലേക്കു പോകുന്ന വിദ്യാര്‍ത്ഥികള്‍, രോഗികള്‍, മറ്റു യാത്രക്കാര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. യാത്രചെയ്യണമെങ്കില്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. പണം വാങ്ങി ടെസ്റ്റ് നടത്തുന്ന മൊബൈല്‍ ലബോറട്ടറി അടച്ചുപൂട്ടുകയോ, അതല്ലെങ്കില്‍ സൗജന്യമായി ടെസ്റ്റ് നടത്തി ഉടനെ റിപ്പോര്‍ട്ട് നല്‍കണമെന്നും പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എത്രയും പെട്ടെന്ന് ജനങ്ങള്‍ക്ക് സൗജന്യമായി ആര്‍ടിപിസിആര്‍ നടത്തുവാന്‍ മൊബൈല്‍ ടെസ്റ്റിംഗ് ലബോറട്ടറിയില്‍ സംവിധാനമൊരുക്കിയില്ലായെങ്കില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മിന്നല്‍ പ്രകടനം നടത്തുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ് മുന്നറിയിപ്പ് നല്‍കി.  ജനങ്ങള്‍ക്ക് സൗജന്യമായി സേവനം ലഭിക്കുന്നതിന് ശക്തമായി പോരാടുമെന്നും പി.ഡി.പി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് റഷീദ് മുട്ടുന്തലയും ജില്ലാ സെക്രട്ടറി ഷാഫി ഹാജി അഡൂറും അറിയിച്ചു.





No comments