JHL

JHL

കുമ്പളയിൽ ബി ജെ പി - സി പി എം ധാരണ; കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുറത്തായത് അവിശുദ്ധ കൂട്ടുകെട്ട് - യൂത്ത് ലീഗ്

കുമ്പള(www.truienewsmalayalam.com) : കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്ക് ബി.ജെ.പി -സി.പി.എം പരസ്പരം ധാരണയോടെയാണ് മത്സരിച്ചതെന്ന യു ഡി എഫ് ആരോപണം ശരി വെക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കൾ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

 ബി.ജെ.പി.പ്രവർത്തകനായ കോയിപ്പാടി വിനു കൊലക്കേസ്സിൽ പ്രതികളുടെ ശിക്ഷ ശരിവെച്ച ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് വന്നതിനു ശേഷം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിക്കാനുള്ള ബി.ജെ.പി തീരുമാനം രക്തസാക്ഷി കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനുള്ള ഇരു പാർട്ടികളുടെയും നാടകത്തിൻ്റെ തുടർച്ചയാണ്.

കഴിഞ്ഞ ദിവസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും കൊലക്കേസ് പ്രതിയുമായ ശ്രീ കൊഗ്ഗു നടത്തിയ വെളിപ്പെടുത്തൽ യു.ഡി.എഫ്.ഉന്നയിക്കുന്ന ബി.ജെ.പി- സി.പി.എം ബന്ധത്തിൻ്റെ പ്രകടമായ തെളിവാണ്. യു.ഡി.എഫ് നടത്തിയ വെളിപ്പെടുത്തലിനെ ഖണ്ഡിച്ച് കൊണ്ട് സി.പി.എം നേതാക്കൾ നടത്തിയ പ്രചരണങ്ങളും വിശദീകരണ യോഗങ്ങളും പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പതിവ് കള്ളത്തരത്തിൻ്റെ ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്.

 ബി.ജെ.പി വോട്ട് ചെയ്താണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്നും പിന്നെന്തിനാണ് താൻ രാജിവെക്കണമെന്ന ശ്രീ കൊഗ്ഗു വിൻ്റെ വെളിപ്പെടുത്തലിന് ശേഷം സി.പി.എം നേതാക്കളുടെ നിലപാടറിയാൻ താൽപര്യമുണ്ട്. ഈ.കൂട്ട് കെട്ടിൻ്റെ ഭാഗമായ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം, ബി ജെ പി യ്ക്ക് വേണ്ടി ചെയ്ത് കൊടുത്ത ചാരപ്പണി എന്തൊക്കെയാണെന്ന് നേതാക്കൾ തുറന്ന് പറയണം.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല വാർഡുകളിലും ധാരണകൾ പ്രകാരമാണ് കുമ്പളയിൽ ബി.ജെ.പി- സി.പി.എം അംഗങ്ങൾ ജയിച്ചു കയറിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ട കേസ്സിൽ കുറ്റക്കാരനാണെന്ന് സെഷൻസ് കോടതി കണ്ടെത്തി ഏഴ് വർഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷമാണ്  ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പകരം കൊലയാളിക്ക് ബി.ജെ.പി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം തളികയിൽ വെച്ച് നൽകിയത്. കേവലം രണ്ട് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി നേതാക്കൾ തങ്ങളുടെ പാർട്ടി പ്രവർത്തകനായിരുന്ന രക്തസാക്ഷിയെയും അവരുടെ കുടുംബത്തെയും ഒരു തരത്തിലുമുള്ള മന:സാക്ഷികുത്തുമില്ലാതെ വഞ്ചിച്ചത്.

കൊലയാളിയായ ശ്രീ കൊഗ്ഗു രാജിവെയ്ക്കണമെന്ന ബി.ജെ.പി ജില്ല പ്രസിഡൻ്റ് ശ്രീ രവീഷ് തന്ത്രി നടത്തിയ പ്രസ്ഥാവന ആത്മാർത്ഥതയോടെയാണെങ്കിൽ ശ്രീ കൊഗ്ഗുവിൻ്റെതടക്കം മൂന്ന് സി.പി.എം അംഗങ്ങളുടെ വോട്ട് വാങ്ങി ബി.ജെ.പിയ്ക്ക് ലഭ്യമായ ചെയർപേഴ്സൺ സ്ഥാനവും സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗത്വവും രാജിവെപ്പിക്കാനോ രാജിവെയ്ക്കാൻ തയ്യാറല്ലെങ്കിൽ പുറത്താക്കാനോ ബി.ജെ.പി ജില്ല പ്രസിഡൻ്റ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തിൽ ജില്ല പ്രസിഡൻ്റ് അസീസ് കളത്തൂർ, പഞ്ചായത്തംഗം യൂസഫ് ഉളുവാർ, പഞ്ചായത്ത് പ്രസിഡൻറ് കെ.എം അബ്ബാസ് സംബന്ധിച്ചു.





No comments