JHL

JHL

കുമ്പള പഞ്ചായത്ത് ഭരണ സമിതി യോഗം ബഹിഷ്കരിച്ച് ബി.ജെ.പി

കുമ്പള(www.truenewsmalayalam.com) : ബി.ജെ.പി പ്രവർത്തകൻ കുമ്പള  കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകർക്ക് ജില്ല സെഷൻസ് കോടതി വിധിച്ച ഏഴു വർഷം തടവ് ഹൈക്കോടതി നാല് വർഷം തടവായി ഇളവ് നൽകിയതിനു പിന്നാലെ കുമ്പള ഗ്രാമപഞ്ചായത്തിൽ നാടകീയ രംഗങ്ങൾ. ബുധനാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗം ബി.ജെ.പി. ബഹിഷ്കരിച്ചു.

    ഈ കേസിൽ കോടതി ശിക്ഷിച്ച പ്രതികളിൽ ഒരാളായ കൊഗ്ഗു കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനാണ്.

ലീഗിനെ സ്ഥിരം സമിതി അധ്യക്ഷ പദവികളിൽ നിന്ന് അകറ്റി നിർത്താൻ ബി.ജെ.പിയും സി.പിഎമ്മും പരസ്പര സഹകരണത്തോടെ സ്ഥാനങ്ങൾ പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് നേരത്തെത്തന്നെ ആക്ഷേപമുണ്ടാവുകയും സംഭവം ഇരു പാർട്ടികൾക്കും ഉള്ളിൽ ശക്തമായ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. പാർട്ടിക്കു വേണ്ടി ജീവത്യാഗം ചെയ്ത വിനുവിനെ മറന്ന് അധികാരത്തിന് വേണ്ടി ഘാതകരായ സി പി എമ്മിനെ കൂടെ കൂട്ടുന്നതും ഘാതകനെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണക്കുന്നതും വിനുവിന്റെ കുടുംബവും സുഹൃത്തുക്കളും എതിർത്തിരുന്നു.

       ബി.ജെ.പിക്കുള്ളിൽ പ്രശ്നം രൂക്ഷമായി പുകഞ്ഞു കൊണ്ടിരിക്കെയാണ് വിനു വധക്കേസിന്റെ വിധി വരുന്നത്. 

അതിനു ശേഷം കഴിഞ്ഞ ദിവസം സി.കൊഗ്ഗു പങ്കെടുക്കുന്ന യോഗങ്ങളിൽ ബി.ജെ.പി അംഗങ്ങൾ പങ്കെടുക്കരുതെന്ന് പാർട്ടി തലത്തിൽ അംഗങ്ങൾക്ക് നിർദേശം ലഭിച്ചിരുന്നു. ഈ പാർട്ടി നിലപാടിനെ തുടർന്നാണ് ബി.ജെ.പി അംഗങ്ങൾ  പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്ക്കരിച്ചത്.  

     സി പി എം പിന്തുണച്ച സ്വതന്ത്രനുൾപ്പെടെ മൂന്ന് അംഗങ്ങളുടെ  സഹായത്തോടെയാണ് നേരത്തെ ബി.ജെ.പി ക്ക് രണ്ടു  സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ ലഭിച്ചത്. ഇതിന് പ്രത്യുപകാരമായി രാഷ്ട്രീയ വൈരാഗ്യങ്ങൾ മറന്ന് ബി ജെ പി സി പി എം അംഗമായ കൊഗ്ഗുവിനെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിക്കുന്നതിന് പിന്തുണക്കുകയായിരുന്നു. ഈ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് വിനു വധ കേസിൽ പ്രതികൾക്ക് ശിക്ഷയിളവ് നൽകിക്കൊണ്ടുള്ള ഹൈക്കോടതിവിധി.





No comments