JHL

JHL

മീറ്റ് ദി മിനിസ്റ്റർ; പ്രതീക്ഷയോടെ മന്ത്രിയെ കണ്ട് സംരംഭകർ.

കാസർകോട്(www.truenewsmalayalam.com) : വ്യവസായ വകുപ്പ് മന്ത്രി കാസർകോട്ട് നടത്തിയ 'മീറ്റ് ദി മിനിസ്റ്റർ' പരിപാടിയിൽ ഉയർന്നത് ജില്ലയിലെ സംരംഭകരുടെ ആകുലതകളും മുന്നോട്ട് കുതിപ്പിനുള്ള നിർദേശങ്ങളും. നേരത്തെയെത്തിയ 47 പരാതികളിൽ 15 എണ്ണത്തിന് തത്സമയം പരിഹാരംകാണാൻ സാധിച്ചു. 12 പരാതികൾ സ്വീകരിച്ചു. പരാതിയുടെ തുടർനടപടികൾ തിരുവനന്തപുരത്തുനിന്ന് പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയതായും മന്ത്രി പറഞ്ഞു.

ചുവപ്പുനാടകളിലും മെല്ലെ പ്പോക്കിലും മുടന്തിനീങ്ങിയ പല പരാതികളിലും മന്ത്രിയുടെ ഇടപെടലിൽ തീർപ്പുണ്ടായി. അനന്തപുരം വ്യവസായ പാർക്കിൽ വ്യവസായം തുടങ്ങുന്ന അബ്ദുൾ നാസറിന്റെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതിയിൽ സംരംഭകന് ജില്ലാ വ്യവസായ കേന്ദ്രം ട്രാൻസ്‌ഫോർമാർ സ്ഥാപിച്ചുനൽകാൻ മന്ത്രി നിർദേശിച്ചു. ഭൂമി അനുവദിക്കുമ്പോൾ വൈദ്യുതി സൗകര്യം നൽകുമെന്ന് പറഞ്ഞിരുന്നു. ഇത് ലഭിക്കുന്നില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ആറ് ലക്ഷത്തോളമാണ് ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ ചെലവ്. രണ്ട് ദിവസത്തിനുള്ളിൽ കെ.എസ്.ഇ.ബി. ഇതിന്റെ പദ്ധതിരേഖ തയ്യാറാക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന് നൽകാനും മന്ത്രി നിർദേശിച്ചു.

'സംരംഭങ്ങൾ എങ്ങനെ തുടങ്ങാതിരിക്കാമെന്നുള്ള പണിയെടുക്കരുത്'

:നീലേശ്വരത്തുനിന്നുള്ള സംരംഭകയ്ക്ക് സോഡാ നിർമാണ ഫാക്ടറി തുടങ്ങുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകുന്നില്ലെന്ന പരാതിയിലാണ് മന്ത്രി പി.രാജീവ് ഉദ്യോഗസ്ഥനെതിരേ വിമർശനം ഉന്നയിച്ചത്. സംരംഭങ്ങൾ എങ്ങനെ തുടങ്ങാതിരിക്കാം എന്നുള്ള പണിയെടുക്കരുതെന്ന് മന്ത്രി ഉദ്യോഗസ്ഥനോട് പറഞ്ഞു. ഭൂമിയുടെ തരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുമതലയല്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഏതെങ്കിലും ഉദ്യോഗസ്ഥൻ പറയുന്നത് കേട്ട്‌ നിന്നാൽ ഇരിക്കുന്ന കസേരയിൽ കാണില്ലെന്നും മുന്നറിയിപ്പ് നൽകി.

വെള്ളമെടുക്കാൻ കുഴൽകിണറിന് മലനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയില്ലെന്നും സംരംഭക പരാതി ഉന്നയിച്ചു. സേഫ് ബ്ലോക്കിന് കീഴിലായതിനാൽ കുഴൽ കിണറിന് അനുമതി നൽകാമെന്ന്് ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥൻ മറുപടി നൽകി. വിഷയം പരിഹരിച്ച് നടപടിക്കായി ബുധനാഴ്ച 12 മണിക്ക് കളക്ടറുടെ അധ്യക്ഷതയിൽ പരാതിക്കാരിയും ഭൂഗർഭ ജല വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്‌, വില്ലേജ് ഓഫീസർ എന്നിവരുമായി ചർച്ചനടത്താൻ തീരുമാനിച്ചു.

പരിപാടി വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനംചെയ്തു. ഈ വർഷം ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പരാതികൾ പരിഹരിക്കാൻ ജില്ലാതലത്തിൽ കളക്ടർ അധ്യക്ഷനായ സമിതികൾക്ക് രൂപംനൽകിയിട്ടുണ്ട്. വകുപ്പ് തല നടപടികൾക്കും പിഴയീടാക്കുന്നതിനുമുള്ള അധികാരം ഈ സമിതികൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. വ്യവസായ വകുപ്പ് ഡയരക്ടർ എസ്.ഹരികിഷോർ, കെ.എസ്.ഐ.ഡി.സി. എം.ഡി. എം.ജി.രാജമാണിക്യം, കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി, കിൻഫ്ര എം.ഡി. കെ.എ.സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്കുമാർ എന്നിവർ സംസാരിച്ചു.





No comments