JHL

JHL

ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം കന്യാല മുണ്ടോടിയില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം പുറത്തെടുത്തു വിദഗ്ധ പരിശോധനയ്ക്കയച്ചു.

മഞ്ചേശ്വരം(www.truenewsmalayalam.com) : കന്യാലമുണ്ടോടി സുതംബളയിൽ തോട്ടംതൊഴിലാളിയായ ജാർ‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം തോട്ടത്തിൽ മറവു ചെയ്ത സംഭവത്തിൽ പൊലീസ് നടപടികൾക്കു തുടക്കമായി. മൃതദേഹം ഇന്നലെ ഉച്ചയോടെ പുറത്തെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു.

 കാസർകോട് ആർഡിഒ അതുൽ സ്വാമിനാഥിന്റെ അനുമതിയോടെ പൊലീസ് സർജൻ, ഫൊറൻസിക് വിദഗ്ധർ, റവന്യൂ അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച ജാർഖണ്ഡ് സ്വദേശി ശിവചന്ദിന്റെ (ശിവജ് 35) മൃതദേഹമാണ് കനിയാല സുതംബള തോട്ടിന് കരയിൽ മറവു ചെയ്തത്.

തെങ്ങിൻ തൈ നട്ട നിലയിലാണ് മൃതദേഹം മറവു ചെയ്ത സ്ഥലമുള്ളത്. മഞ്ചേശ്വരം തഹസിൽദാർ പി.ജെ.ആന്റോയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പരിശോധനാ റിപ്പോർട്ട് ഇന്നു ലഭിക്കും. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മരണ കാരണം വ്യക്തമായാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നു കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു.

നടപടികൾ പാലിക്കാതെ മൃതദേഹം മറവു ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ മേൽനോട്ടക്കാരൻ ഉൾപ്പെടെ 5 പേരെ മഞ്ചേശ്വരം പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. മഞ്ചേശ്വരം സിഐ എ.സന്തോഷ്, എസ്ഐ അൻസാർ എന്നിവർ മൃതദേഹം പുറത്തെടുക്കാനുള്ള സംഘത്തിലുണ്ടായിരുന്നു.


No comments