JHL

JHL

ദേശീയപാത 66 വികസനം; കാസർകോട് അഗ്നിരക്ഷാ നിലയം കെട്ടിടം പൊളിക്കും.

കാസർകോട്(www.truenewsmalayalam.com) : ദേശീയപാത 66 വികസനം നിലവിൽ വരുന്നതോടെ കാസർകോട് അഗ്നിരക്ഷാ നിലയം കെട്ടിടം പൊളിക്കും. പാത 6 വരി വികസനം നടപ്പിലായാൽ 7 മീറ്റർ വരെ ദൂരപരിധി വിടണമെന്ന നിബന്ധനയും കെട്ടിടത്തിന്റെ പഴക്കവുമാണു കാരണം.

 ജില്ലയിൽ ദേശീയ പാതയോരത്തു പൊളിക്കുന്ന ഏക സ്റ്റേഷൻ കെട്ടിടമാണ് കറന്തക്കാട് ജില്ലാ ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയം. ഇതിനു സമീപത്താണു ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന മേൽപാലം തുടങ്ങുന്നത്. സ്റ്റേഷനു പിറകിൽ ആയിരിക്കും പുതിയ കെട്ടിടം. അതു പൂർത്തിയായ ശേഷം ഇതു പൊളിക്കും. പാതയിൽ നിന്ന് 10 മീറ്റർ പിറകിൽ ആയിരിക്കും പുതിയ കെട്ടിടം.

അധികൃതർ സ്ഥലം പരിശോധിച്ച് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. നിലവിലുള്ള കെട്ടിടത്തിനു പിറകിലുള്ള 2 ഗാരീജ്, സമീപം ഉയർന്ന തിട്ടയിലുള്ള 2 ബ്ലോക്കുകളിലെ 8 ക്വാർട്ടേഴ്സ് എന്നിവയും പൊളിച്ചു സ്ഥലം നിരപ്പാക്കും.  5 ബ്ലോക്കുകളിലുള്ള ക്വാർട്ടേഴ്സിൽ പലതും വാസയോഗ്യമായതല്ലെന്നു നേരത്തെ അധികൃതർ സാക്ഷ്യപ്പെടുത്തിയതാണ്. നിലവിലുള്ള ക്വാർട്ടേഴ്സുകൾക്കു പകരം പ്ലാറ്റ് പണിയാനാണ് ഉദ്ദേശിക്കുന്നത്. 1964ലാണ് കാസർകോട് ഫയർ സ്റ്റേഷൻ നിലവിൽ വന്നത്. കാസർകോട് റെയിൽവേ സ്റ്റേഷൻ സമീപം തെരുവത്ത് വാടക കെട്ടിടത്തിൽ ആയിരുന്നു തുടക്കം.

2 വർഷത്തിനകം താളിപ്പടുപ്പിൽ വാടക കെട്ടിടത്തിലേക്കു മാറി. 1981 മാർച്ച് 15നാണു നിലവിലുള്ള സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്തത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണൻ ആയിരുന്നു ഉദ്ഘാടകൻ. ഗ്രൗണ്ട് ഫ്ലോർ അടക്കം 3 നില കെട്ടിടം ആയിരിക്കും പുതുതായി പണിയുക. വാഹനങ്ങൾ, മറ്റു സാമഗ്രികൾ സൂക്ഷിക്കാനുള്ള ഇടം, ഗാരിജ്, ജില്ലാ ഓഫിസ്, സ്റ്റേഷൻ ഓഫിസ്, ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി, കോൺഫറൻസ് റൂം, ഓരോ പ്രധാന ഉദ്യോഗസ്ഥനുള്ള പ്രത്യേക മുറി തുടങ്ങിയവ അടങ്ങിയതായിരിക്കും പ്രധാന സ്റ്റേഷനും ജില്ലാ ഓഫിസ് കെട്ടിടവും.


No comments