JHL

JHL

കൊലക്കേസ് പ്രതിയായ സിപിഎം പഞ്ചായത്തംഗം അയോഗ്യൻ‌

കാസർകോട്(www.truenewsmalayalam.com) : കൊലക്കേസിൽ ശിക്ഷ വിധിക്കപ്പെട്ട സിപിഎം അംഗത്തെ കുമ്പള പഞ്ചായത്ത് അംഗത്വത്തിൽ നിന്ന് സംസ്ഥാന ഇലക്‌ഷൻ കമ്മിഷൻ താൽക്കാലികമായി അയോഗ്യനാക്കിയതു പാർട്ടിക്കും തിരിച്ചടി. സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി അംഗം കൂടിയായ കുമ്പള പഞ്ചായത്ത് 14 ാ വാർഡ് അംഗമായ എസ്.കൊഗ്ഗുവിനാണ് അയോഗ്യത. 1998 ഒക്ടോബർ 9ന് ബിഎംഎസ് പ്രവർത്തകൻ വിനു(19)വിനെ കൊലപ്പെടുത്തിയ കേസിൽ കൊഗ്ഗുവിന് ജില്ലാ സെഷൻസ് കോടതി 7 വർഷം കഠിന തടവ് വിധിച്ചിരുന്നു.

ശാന്തിപ്പള്ളം ബട്ടംപാടി ഹൗസിൽ എസ്.കൊഗ്ഗു(45) ഉൾപ്പെടെ 3 പേരാണ് പ്രതികൾ. ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി വിധി കാത്തിരിക്കെ ആയിരുന്നു കൊഗ്ഗു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. അപ്പീലിൽ ഡിസംബർ 20ന് വിധി പറഞ്ഞപ്പോൾ ഹൈക്കോടതി ശിക്ഷ 4 വർഷ കഠിന തടവായി ചുരുക്കിയെങ്കിലും ശിക്ഷ റദ്ദാക്കിയില്ല. കോടതി വിധി നിലനിൽക്കെ കൊഗ്ഗു പഞ്ചായത്ത് അംഗത്വം തുടരുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോർട്ട് നൽകിയിരുന്നു.

തുടർ നടപടികളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ 14ന് ഹാജരാവാൻ നോട്ടിസ് അയച്ചുവെങ്കിലും കൊഗ്ഗു ഹാജരായില്ല. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി കുറ്റവിമുക്തനായി അംഗത്വം തുടരാനുള്ള ശ്രമങ്ങൾക്കിടെയാണ് കമ്മിഷൻ താൽക്കാലിക അയോഗ്യത ഉത്തരവ് ഇറക്കിയത്. ബിഎംഎസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട കൊഗ്ഗു ബിജെപി സഹായത്തോടെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടിയതും വിവാദമായിരുന്നു. 

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീരുമാനം വരുന്നത് വരെ അയോഗ്യത തുടരും. കമ്മിഷന്റെ അന്തിമ തീർപ്പിൽ അയോഗ്യത സ്ഥിരീകരിച്ചാൽ 6 വർഷം വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.കുമ്പള തിയറ്ററിൽ വിനു സിനിമ കണ്ടുകൊണ്ടിരിക്കെ പിറകിൽ നിന്നു ചുമലിൽ കാലെടുത്തു വച്ചതുൾപ്പെടെ ബന്ധപ്പെട്ട് ഉണ്ടായ തർക്കം രാഷ്ട്രീയ വൈരാഗ്യം മൂത്ത് വിനുവിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സിനിമ കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ കുമ്പള സഹകരണ ആശുപത്രി പരിസരത്തെ മുറിയിലാക്കി ഷട്ടർ താഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ബിജെപിയിലും തർക്കമുണ്ടാക്കി കൊഗ്ഗുവിന്റെ അംഗത്വം

കുമ്പള ∙ സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ വിഷയമാണ് കൊലക്കേസ് പ്രതിയായ കൊഗ്ഗുവിന്റെ പഞ്ചായത്തംഗത്വം. കൊലക്കേസ് പ്രതിയെ ജനപ്രതിനിധിയാക്കിയത് സംബന്ധിച്ച് സിപിഎമ്മിനെതിരെ ആരോപണമുയർന്നപ്പോൾ ബിഎംഎസ് പ്രവർത്തകനെ കൊലപ്പെടുത്തിയതിനു ശിക്ഷിക്കപ്പെട്ട വ്യക്തിയെ ബിജെപി പിന്തുണയോടെ സ്ഥിരം സമിതി അംഗമാക്കി എന്നതായിരുന്നു ബിജെപി നേതൃത്വത്തിനെതിരായ പ്രവർത്തകരുടെ ആരോപണം.

സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ബിജെപി–സിപിഎം അംഗങ്ങൾ പരസ്പര ധാരണയിൽ സ്ഥാനം പങ്കിടുകയായിരുന്നു. തന്റെ മരുമകനായ വിനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സ്ഥിരം സമിതി അധ്യക്ഷനാക്കാൻ ബിജെപി സഹായിച്ചുവെന്നാരോപിച്ച് വിനുവിന്റെ അമ്മാവൻ വിനോദ് കുമ്പള നേരത്തേ ബിജെപി ജില്ലാ കമ്മിറ്റി അംഗത്വം ഉൾപ്പെടെ രാജിവച്ചിരുന്നു. ജില്ലാ ഓഫിസ് താഴിട്ടു പൂട്ടിയും ബിജെപി അണികൾ പ്രതിഷേധിച്ചിരുന്നു.

വിവാദങ്ങളെ തുടർന്ന് സിപിഎം നിർദേശ പ്രകാരം കൊഗ്ഗു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജി വച്ചു. തുടർന്നു പഞ്ചായത്ത് യോഗങ്ങളിൽ ഹാജരാകാതെയായി. ബിജെപി അംഗങ്ങളും സ്ഥിരം സമിതി സ്ഥാനങ്ങൾ രാജിവച്ചു. സ്ഥിരം സമിതി അധ്യക്ഷ പദവികളി‍ലേക്ക് വീണ്ടും നടന്ന തിരഞ്ഞെടുപ്പ് ബിജെപി,എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചതിനാൽ 3 സമിതികളിലും യുഡിഎഫ് അംഗങ്ങൾ അധ്യക്ഷരായി.



No comments