JHL

JHL

ഭക്ഷ്യവിഷബാധ : കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കാസർഗോഡ്(www.truenewsmalayalam.com) :ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കരിവെള്ളൂര്‍ പെരളം സ്വദേശിയും നിലവില്‍ പിലിക്കോട് മട്ടലായി താമസക്കാരിയുമായ ഇ വി ദേവനന്ദ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ എ ഡി എം എ കെ രമേന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 ഷിഗെല്ല ബാക്ടീരിയയുടെ ഭക്ഷണത്തിലുള്ള സാന്നിധ്യമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന്് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഐഡിയല്‍ കൂള്‍ബാര്‍ ആന്റ് ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തില്‍ നിന്നും അന്നേ ദിവസം ഭക്ഷണം കഴിച്ച നാല്പത്തിയേഴോളം പേര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെയ് 1ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. 

സ്ഥാപനത്തിന് 2022 മാര്‍ച്ച് 31 വരെയാണ് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നതെന്നും തുടര്‍ അനുമതിക്കായി പ്രസ്തുത സ്ഥാപന ഉടമ ചെറുവത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും അറിയിച്ചു. ഈ സ്ഥാപനത്തിന്റെ ലൈസന്‍സി പി.വി. കുഞ്ഞഹമ്മദ്, പിലാവളപ്പ്, വലിയപൊയില്‍ എന്നയാളാണ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ മുള്ളോളി അനക്സ്റ്റര്‍, കൊല്യ, മംഗളുരു, ഷവര്‍മ ഉണ്ടാക്കുന്ന തൊഴിലാളി നേപ്പാള്‍ സ്വദേശി സന്ദേശ് റായ് ആണ്. 

ആവശ്യമായ രേഖകള്‍ സൂക്ഷിക്കാതെ മനുഷ്യ ജീവനു ഹാനികരമായ സാധനങ്ങള്‍ വില്‍പ്പന നടത്തി അപകടം വരുത്തിയതിനെതിരെ മേല്‍പറഞ്ഞവരെ പ്രതികളാക്കി ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ 0432/2022 നമ്പര്‍ പ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാര്‍ ചെയ്ത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്  1, ഹോസ്ദുര്‍ഗ്ഗ് മുമ്പാകെ സമര്‍പ്പിച്ച് കേസന്വേഷണം നടത്തി വരുന്നു. 

നിരീക്ഷണങ്ങള്‍

പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചതില്‍ നിന്നും പഞ്ചായത്തിലെ ആരോഗ്യ വിഭാഗം പ്രവര്‍ത്തിക്കുന്നത് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനത്തിലാണ്. പഞ്ചായത്തിന്റെ നേരിട്ടുളള നിയന്ത്രണത്തിലായതിനാല്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിനു പ്രവര്‍ത്തിക്കുന്നതിന് പരിമിതികളുണ്ടെന്നും സെക്രട്ടറി അറിയിച്ചു. 

പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതെന്നും പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ പഞ്ചായത്താഫീസില്‍ സൂക്ഷിക്കുന്നില്ലെന്നും അറിയിച്ചു. പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് അനുവദിക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍ പ്രകാരം സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്, തൊഴിലാളികള്‍ക്കുളള ആരോഗ്യ കാര്‍ഡ് എന്നിവ നിര്‍ബന്ധമല്ലെന്നും അറിയിച്ചു.

സംഭവ സമയത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ചാര്‍ജിലുണ്ടായിരുന്ന ശ്രീ. മോഹനന്‍ പി.ടി, ജെ. എച്ച്. ഐ, സി.എച്ച്. സി, ചെറുവത്തൂര്‍ സംസാരിച്ചതില്‍ നിന്നും സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്, തൊഴിലാളികള്‍ക്കുളള ആരോഗ്യ കാര്‍ഡ് എന്നിവക്ക് അപേക്ഷ നല്‍കുകയാണെങ്കില്‍ അവ അനുവദിച്ചു നല്‍കുന്നുണ്ടെന്നും എന്നാല്‍ സ്ഥാപനങ്ങളുടെ പരിശോധന കാര്യക്ഷമമായി നടത്താന്‍ കഴിയാറില്ലെന്നും പരിശോധന സംബന്ധിച്ച രജിസ്റ്ററുകളൊന്നും സൂക്ഷിക്കുന്നില്ലെന്നും അറിയിച്ചു.

ഹോട്ടലുകളുടെയും പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ വില്പന ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളുടെയും പരിശോധന സംബന്ധിച്ച് കാര്യമായ ചുമതലയുളളത് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ജീവനക്കാര്‍ക്കാണ്. താരതമ്യേന കുറഞ്ഞ എണ്ണം ജീവനക്കാരുളള പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. പഞ്ചായത്തില്‍ നിന്നുളള ലൈസന്‍സ്, ജല പരിശോധന റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി വരികയാണെന്നും അറിയിച്ചു.

മേല്‍ അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളുടെ പരിശോധന നടത്തുന്നതില്‍ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ല. ഈ സംഭവത്തെ തുടര്‍ന്ന് പുറപ്പെടുവിച്ച മെയ് 5 ലെ WM 1/62/2022 നമ്പര്‍ ഗവണ്‍മെന്റ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഒരു പരിധി വരെ ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ ഒഴിവാക്കപ്പെടാവുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.


No comments